വിന്‍ഡീസ് നല്‍കിയ 322 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനാകുമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും ഇന്നിംഗ്സ് ബ്രേക്ക് സമയത്ത് ആരും തന്നെ പരിഭ്രാന്തരല്ലായിരുന്നുവെന്നും പറഞ്ഞ് ഇന്നലത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ ഷാക്കിബ് അല്‍ ഹസന്‍. കഴിഞ്ഞ് രണ്ട് മാസമായി താന്‍ തന്റെ ബാറ്റിംഗില്‍ ഏറെ പരിശ്രമം നടത്തുന്നുണ്ടെന്നും അത് ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു.
താന്‍ മൂന്നാം നമ്പര്‍ വേണമെന്ന് ആവശ്യപ്പെട്ടത് എന്ത് കൊണ്ടാണെന്ന് തനിക്കറിയില്ല, പക്ഷേ അങ്ങനെ അവസരം കിട്ടിയാല്‍ തനിക്ക് കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാമെന്ന ചിന്തയാണ് തന്നെ അങ്ങനെ പ്രേരിപ്പിച്ചതെന്നാണ് താന്‍ കരുതുന്നത്. അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും 30 ഓവറുകള്‍ക്ക് ശേഷം മാത്രമേ ക്രീസിലെത്തുവാനാകുള്ളു, തനിക്ക് യോജിക്കുന്ന സാഹചര്യം അല്ല അതെന്നും ഷാക്കിബ് പറഞ്ഞു.
ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായതില്‍ സന്തോഷമുണ്ടെന്നും ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും ആരാധകര്‍ ഇത് പോലെ തന്നെ തങ്ങളെ ഇനിയും ലോകകപ്പില്‍ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ഷാക്കിബ് വ്യക്തമാക്കി.