ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന് ഇന്ത്യയ്ക്ക് തുണയായി വിരാട് കോഹ്‍ലിയുടെയും ഋഷഭ് പന്തിന്റെയും ഇന്നിംഗ്സുകള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും കെഎൽ രാഹുലിനെയും ആദ്യ മൂന്നോവറിനുള്ളിൽ തന്നെ നഷ്ടമായി വന്‍ തകര്‍ച്ചയിലേക്ക് ഇന്ത്യ വീഴുമെന്ന ഘട്ടത്തിൽ നിന്നാണ് 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന സ്കോറിലേക്ക് ഇന്ത്യ എത്തിയത്.
രോഹിത് ശര്‍മ്മയെ ആദ്യ ഓവറിലും കെഎൽ രാഹുലിനെ തന്റെ രണ്ടാം ഓവറിലും ഷഹീന്‍ ഷാ അഫ്രീദി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിൽ വെറും 6 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. പിന്നീട് കോഹ്‍ലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 25 റൺസ് നേടി ഇന്ത്യയെ തിരിച്ച് ട്രാക്കിലെത്തിക്കുമെന്ന് കരുതിയെങ്കിലും ഹസന്‍ അലി സൂര്യകുമാര്‍ യാദവിനെ(11) പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.
പിന്നീട് 40 പന്തിൽ 53 റൺസ് നേടി ഋഷഭ് പന്ത് – വിരാട് കോഹ്‍ലി കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ 13ാം ഓവറിൽ ഋഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 30 പന്തിൽ 39 റൺസാണ് ഋഷഭ് പന്ത് നേടിയത്.
ഇതിനിടെ കോഹ്‍ലി ഇന്ത്യയുടെ സ്കോര്‍ 100 കടത്തി. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 110/4 എന്ന നിലയിലായിരുന്നു. 45 പന്തിൽ നിന്ന് വിരാട് തന്റെ ടി20 അര്‍ദ്ധ ശതകം നേടി. അതേ ഓവറിൽ രണ്ട് ബൗണ്ടറി കൂടി കോഹ്‍ലിയും ജഡേജയും നേടിയെങ്കിലും ജഡേജയുടെ വിക്കറ്റ് ഹസന്‍ അലി നേടി. 41 റൺസാണ് കോഹ്‍ലി ജഡേജ കൂട്ടുകെട്ട് നേടിയത്. 13 റൺസാണ് ജഡേജ നേടിയത്.
തന്റെ അവസാന ഓവര്‍ എറിയാനെത്തിയ അഫ്രീദി വിരാട് കോഹ്‍ലിയുടെ വിക്കറ്റും നേടുകയായിരുന്നു. മൂന്ന് വിക്കറ്റാണ് അഫ്രീദി നേടിയത്. 49 പന്തിൽ 57 റൺസാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ഹാര്‍ദ്ദിക് 7 പന്തിൽ 11 റൺസ് നേടിയും ഇന്ത്യയുടെ സ്കോറിലേക്ക് സംഭാവന ചെയ്തു.