അയര്‍ലണ്ടിനെതിരെ സിംബാബ്‍വേയുടെ വിജയം ഒരുക്കി സിക്കന്ദര്‍ റാസയും ബൗളര്‍മാരും. റാസ നേടിയ 82 റൺസിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 174/7 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമേ നേടാനായുള്ളു. 31 റൺസ് വിജയം ആണ് സിംബാബ്‍വേ നേടിയത്.
സിംബാബ്‍വേയ്ക്ക് വേണ്ടി 48 പന്തിൽ 82 റൺസ് നേടി സിക്കന്ദര്‍ റാസയാണ് റണ്ണടിച്ച് കൂട്ടുവാന്‍ ടീമിനെ സഹായിച്ചത്. ഒരു ഘട്ടത്തിൽ ടീം 37/3 എന്ന നിലയിലേക്ക് വീണിരുന്നു. ലൂക്ക് ജോംഗ്വേ 10 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ വെസ്ലി മാധവേരെ(22) ആണ് മറ്റൊരു പ്രധാന സ്കോറര്‍.
അയര്‍ലണ്ട് നിരയിൽ 27 റൺസ് നേടിയ കര്‍ടിസ് കാംഫര്‍ ആണ് ടോപ് സ്കോറര്‍. ജോര്‍ജ്ജ് ഡോക്രെൽ, ഗാരെത് ഡെലാനി എന്നിവര്‍ 24 റൺസ് വീതം നേടി. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി മൂന്നും റിച്ചാര്‍ഡ് എന്‍ഗാരാവ, ടെണ്ടായി ചതാര എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
22 റൺസുമായി പുറത്താകാതെ നിന്ന ബാരി മക്കാര്‍ത്തിയാണ് അയര്‍ലണ്ടിന്റെ തോൽവി ഭാരം കുറച്ചത്.