പവര്‍പ്ലേയിൽ കളി കൈവിട്ട് പാപുവ ന്യു ഗിനി, സ്കോട്‍ലാന്‍ഡിനോട് 17 റൺസ് തോല്‍വി

Sports Correspondent

ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ രണ്ടാം വിജയം നേടി സ്കോട്‍ലാന്‍ഡ്. ഇന്ന് പാപുവ ന്യു ഗിനിയെ 17 റൺസിന് പരാജയപ്പെടുത്തിയാണ് സ്കോട്‍ലാന്‍ഡ് വിജയം കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 165/9 എന്ന സ്കോറാണ് നേടിയത്. റിച്ചി ബെറിംഗ്ടൺ 49 പന്തിൽ 70 റൺസും മാത്യു ക്രോസ് 45 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും റൺസ് കണ്ടെത്താനായില്ല.

92 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ സ്കോട്‍ലാന്‍ഡിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. പിഎന്‍ജിയ്ക്ക് വേണ്ടി കബൗ മോറിയ നാലും ചാഡ് സോപര്‍ മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പിഎന്‍ജി പവര്‍പ്ലേയ്ക്കുള്ളിൽ 35/5 എന്ന നിലയിലേക്ക് വീണ ശേഷം മത്സരത്തിൽ തിരിച്ചുവരവ് സാധ്യമല്ലാതെ രീതിയിലേക്ക് പോയി.

67/6 എന്ന നിലയിൽ നിന്ന് 53 റൺസ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടുമായി നോര്‍മന്‍ വനൗ – കിപ്ലിന്‍ ഡോറിഗ കൂട്ടുകെട്ട് പാപുവ ന്യൂ ഗിനിയ്ക്കായി പൊരുതി നോക്കി. കിപ്ലിന്‍ 18 റൺസും നോര്‍മന്‍ വനൗ 47 റൺസും നേടിയപ്പോള്‍ ക്യാപ്റ്റന്‍ അസ്സാദ് വാല 18 റൺസും ചാഡ് സോപര്‍ 16 റൺസും നേടി.

സ്കോട്‍ലാന്‍ഡിനായി ജോഷ് ഡേവി 4 വിക്കറ്റ് നേടിയപ്പോള്‍ 19.3 ഓവറിൽ 148 റൺസിന് സ്കോട്‍ലാന്‍ഡ് പിഎന്‍ജി ഓള്‍ഔട്ട് ആയി.