രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ത്യൻ ലോകകപ്പ് ടീമിൽ എത്തിയതിൽ സന്തോഷം പങ്കുവെച്ച് പിതാവ് സാംസൺ വിശ്വനാഥ്. തൻ്റെ മകന് ഇന്ത്യൻ ലോകകപ്പ് ടീമിൽ എത്തുന്ന നിമിഷത്തിനായി താൻ ഏറെക്കാലമായി കാത്തിരിക്കുന്നതാണ് എന്നും ഇത് വലിയ സന്തോഷം നൽകുന്ന നിമിഷമാണെന്നും സാംസൺ വിശ്വനാഥ് പറഞ്ഞു.
“2013 മുതൽ ഞാൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്, ഇപ്പോൾ സഞ്ജു 15 അംഗ ഇന്ത്യൻ ടീമിൽ ഇടം നേടി ആദ്യ കടമ്പ കടന്നു. അടുത്ത ഘട്ടം പ്ലെയിംഗ് ഇലവനിലേക്ക് കടക്കുക എന്നതാണ്, അതിനുശേഷം അവൻ്റെ ബാറ്റിൽ നിന്ന് റൺസ് ഒഴുകണം. ഇത് സംഭവിക്കുമ്പോൾ, ഞാൻ ശരിക്കും സന്തോഷിക്കും, ”സഞ്ജുവിൻ്റെ അച്ഛൻ സാംസൺ വിശ്വനാഥ് പറഞ്ഞു.
ഡൽഹി പോലീസിൽ കോൺസ്റ്റബിളായിരുന്നു സാംസൺ വിശ്വനാഥ് മുമ്പ് സന്തോഷ് ട്രോഫിയിൽ ഡൽഹി ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ്. തന്റെ രണ്ട് മക്കളുടെ ക്രിക്കറ്റ് കരിയർ പടുത്തുയർത്താൻ ആയി ജോലി ഉപേക്ഷിച്ചാണ് സാംസൺ വിശ്വനാഥ് തിരുവനന്തപുരത്തേക്ക് തിരികെയെത്തിയത്.
“എൻ്റെ രണ്ട് മക്കളും ക്രിക്കറ്റ് കളിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ജോലി ഉപേക്ഷിച്ചു. ഈ നിമിഷത്തിനായി ഞാൻ വളരെക്കാലമായി കാത്തിരിക്കുകയാണ്. സഞ്ജു എപ്പോഴും ടീമിന് വേണ്ടിയാണ് കളിക്കുന്നത്, തനിക്കുവേണ്ടിയല്ല,’ വിശ്വനാഥ് പറഞ്ഞു.
“അവൻ ഓരോ പന്തും പരമാവധി അടിക്കാനാണ് മുമ്പ് ശ്രമിച്ചത്… എന്നാൽ ഈ സീസണിൽ നമ്മൾ കാണുന്നത് വ്യത്യസ്തനായ സഞ്ജുവിനെയാണ്. രാജ്യത്തിന് വേണ്ടി അദ്ദേഹം റൺസ് സ്കോർ ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ,’ വിശ്വനാഥ് അഭിപ്രായപ്പെട്ടു