114 റൺസ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ 94/4 എന്ന നിലയിൽ വിജയം വെറും 20 റൺസ് അകലെ നിൽക്കുന്ന ഘട്ടത്തിൽ നിന്ന് മത്സരം തിരികെ പിടിച്ച് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെ 109/7 എന്ന സ്കോറിലൊതുക്കിയപ്പോള്‍ ടീം 4 റൺസ് വിജയം ആണ് നേടിയത്.
രണ്ടാം ഓവറിൽ തന്‍സിദ് ഹസന്റെ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 29 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. എന്നാൽ പവര്‍പ്ലേ കഴിഞ്ഞ ആദ്യ പന്തിൽ തന്നെ ലിറ്റൺ ദാസിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അധികം വൈകാതെ ഷാക്കിബ് അൽ ഹസനെയും നഷ്ടമായ ബംഗ്ലാദേശ് 37/3 എന്ന നിലയിലായിരുന്നു.
ബംഗ്ലാദേശിന് 50 റൺസ് നേടുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് തൗഹിദ് ഹൃദോയ് – മഹമ്മുദുള്ളു കൂട്ടുകെട്ട് നേടിയത്. അഞ്ചാം വിക്കറ്റിൽ ഇവരുവരും ചേര്‍ന്ന് 44 റൺസാണ് നേടിയത്.
ബംഗ്ലാദേശിന്റെ ലക്ഷ്യം 18 പന്തിൽ 20 റൺസെന്ന നിലയിൽ നിൽക്കുമ്പോളാണ് അവരുടെ പ്രധാന സ്കോറര്‍ ആയ തൗഹിദ് ഹൃദോയിയുടെ വിക്കറ്റ് ടീമിന് നഷ്ടമായത്. കാഗിസോ റബാഡ വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ തൗഹിദ് 37 റൺസായിരുന്നു നേടിയത്.
റബാഡ എറിഞ്ഞ 18ാം ഓവറിൽ വെറും രണ്ട് റൺസാണ് ബംഗ്ലാദേശ് നേടിയത്. ഇതോടെ ലക്ഷ്യം 12 പന്തിൽ 18 ആയി മാറി. 19ാം ഓവറിൽ 7 റൺസ് വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 11 റൺസായി. ഓവറിൽ ജാക്കര്‍ അലിയെ കേശവ് മഹാരാജ് പുറത്താക്കിയപ്പോള്‍ അവസാന രണ്ട് പന്തിൽ 6 റൺസായിരുന്നു ബംഗ്ലാദേശ് നേടേണ്ടിയിരുന്നത്. 20 റൺസ് നേടിയ മഹമ്മുദുള്ളയെ എയ്ഡന്‍ മാര്‍ക്രം മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഓവറിലെ മഹാരാജ് തന്റെ രണ്ടാം വിക്കറ്റ് നേടി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്നും കാഗിസോ റബാഡ, ആന്‍റിക് നോര്‍ക്കിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.