ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയക്ക് എതിരായ നിർണായക മത്സരത്തിൽ ഗംഭീര ഇന്നിംഗ്സ് കളിച്ച് പുറത്തായി. തീർത്തും ആക്രമിച്ചു കളിച്ച രോഹിത് ശർമ്മ വെറും 41 പന്തിൽ 92 റൺസ് എടുത്താണ് പുറത്തായത്. 8 റൺസിന് ആണ് അദ്ദേഹത്തിന് സെഞ്ച്വറി നഷ്ടമായത്. ഓസ്ട്രേലിയയുടെ ഒരു ബൗളർമാരെയും വിടാതെ ആക്രമിക്കാൻ ഇന്ന് രോഹിത് ശർമ്മക്ക് ആയി.
സ്റ്റാർക്കും കമ്മിൻസും ഉൾപ്പെടെ ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരയെ രോഹിത് ഒരു ഭയവും ബഹുമാനവും നൽകാതെ നേരിട്ടു. 19 പന്തിലേക്ക് ഇന്ന് അർധ സെഞ്ച്വറിയിൽ എത്താൻ രോഹിത് ശർമ്മയ്ക്ക് ആയിരുന്നു.
8 സിക്സും 7 ഫോറും രോഹിതിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. സ്റ്റാർക് എറിഞ്ഞ മൂന്നാം ഓവറിൽ 29 റൺസ് ആണ് രോഹിത് ശർമ്മ അടിച്ചത്. 4 സിക്സും ഒരു ഫോറും. സ്റ്റാർക്കിന്റെ ടി20 കരിയറിലെ ഏറ്റവും മോശം ഓവറായി ഇത്. ഇന്നത്തെ സിക്സുകളോടെ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 200 സിക്സുകളും പൂർത്തിയാക്കി.