ടി ട്വന്റി ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്ത്. ഇന്ന് മഴ ആണ് പാകിസ്ഥാന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചത്. ഇന്ന് നടക്കേണ്ട അമേരിക്കയും അയർലൻഡും തമ്മിലുള്ള മത്സരം മഴ കൊണ്ടുപോയതോടെ പാകിസ്ഥാൻ ഔദ്യോഗികമായി ലോകകപ്പിൽ നിന്ന് പുറത്തായി. ഇനി അവസാന മത്സരം വിജയിച്ചാലും പാകിസ്ഥാന് അമേരിക്കയെ മറികടന്ന് രണ്ടാംസ്ഥാനത്ത് എത്താൻ ആകില്ല.
ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന മത്സരം ശക്തമായ മഴ കാരണം നടക്കാനായില്ല. അവസാന ദിവസങ്ങളിൽ ഫ്ലോറിഡയിൽ ശക്തമായ മഴയായിരുന്നു അതുകൊണ്ട് തന്നെ പിച്ചിന്റെയും ഗ്രൗണ്ടിന്റെയും അവസ്ഥ വളരെ ശോചനീയമായിരുന്നു. ഇന്ന് മഴ മാറി നിന്നിട്ടും ടോസ് ചെയ്യാനോ കളിക്കാനുള്ള സാഹചര്യം ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല.
ഇതോടെ ഈ സമനില വന്നതോടെ അഞ്ചു പോയിന്റുമായി അമേരിക്ക സൂപ്പർ 8 ഉറപ്പിച്ചു. അമേരിക്കയും ഇന്ത്യയും ആകും ഗ്രൂപ്പിൽ നിന്ന് സൂപ്പർ 8ൽ എത്തുന്നത്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട പാകിസ്ഥാന് മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റ് മാത്രമാണുള്ളത്. ഇനി അയർലൻഡിനെതിരെ അവർ വിജയിച്ചാലും അവർക്ക് വെറും നാല് പോയിൻറ് മാത്രമേ ആവുകയുള്ളൂ. ശക്തമായ മഴ കാരണം നാളെ നടക്കുന്ന ഇന്ത്യയുടെ മത്സരവും മറ്റന്നാൾ നടക്കുന്ന പാക്കിസ്ഥാന്റെ മത്സരവും നടക്കാനുള്ള സാധ്യതയും വളരെ കുറവാണ്.