താൻ ആയിരുന്നു ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുത്തത് എങ്കിൽ കോഹ്ലിയും രോഹിതും ടീമിൽ ഉണ്ടാകില്ലായുരുന്നു എന്ന് സഞ്ജയ് മഞ്ജരേക്കർ. സീനിയേഴ്സിനെ വിശ്വസിച്ചപ്പോൾ എല്ലാം ഇന്ത്യക്ക് തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത് എന്നും യുവതാരങ്ങൾ മാത്രം അടങ്ങിയ സംഘത്തെ അമേരിക്കയിലേക്ക് അയക്കണമായിരുന്നു എന്നും മഞ്ജരേക്കർ പറഞ്ഞു.
“ഞാൻ സീനിയർ താരങ്ങളെ പരൊഗണിക്കില്ലായിരുന്നു; കുറച്ചുകൂടി പ്രായം കുറഞ്ഞ നല്ല കളിക്കാരുടെ കൂട്ടത്തെ ലോകകപ്പിന് അയച്ചേനെ. എന്നാൽ സെലക്ടർമാർ ഐക്കൺ താരങ്ങളായ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും സ്ഥാനം നൽകി,” സ്റ്റാർ സ്‌പോർട്‌സിൽ മഞ്ജരേക്കർ പറഞ്ഞു.
“ഇപ്പോൾ അവർ ടീമിലുണ്ട്, വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുക എന്നത് അസാധ്യമാണ്, കാരണം നിങ്ങൾക്ക് വിരാടിൻ്റെ മുഴുവൻ ഉപയോഗിക്കാൻ അദ്ദേഹം ഓപ്പൺ ചെയ്യണം. ഇന്ത്യ ഒരു തരത്തിൽ വലം കയ്യാന്മാരായ രോഹിതിനെയും കോഹ്ലിയെയും ഓപ്പൺ ചെയ്യിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.
“നിർഭാഗ്യവശാൽ, ജയ്‌സ്വാളിന് പുറത്തിരിക്കേണ്ടി വരും. ജയ്സ്വാൾ ആയിരുന്നു ഒരു പുതുമയും വ്യത്യസ്തതയും ടീമിന് നൽകുക. എന്നാൽ കോഹ്ലിയും രോഹിതും കളിക്കുമ്പോൾ ജയ്സ്വാൾ പുറത്തിരിക്കേണ്ടി വരും” അദ്ദേഹം പറഞ്ഞു.
“വർഷങ്ങളായി മുതിർന്ന താരങ്ങളെ വിശ്വസിച്ചപ്പോൾ ഇന്ത്യക്ക് ഫലങ്ങൾ അനുകൂലമായിരുന്നില്ല. ഇത്തവണ അത് മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.