ഗാബയിൽ അയര്‍ലണ്ടിനെ 137 റൺസിനൊതുക്കി 42റൺസ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത് 179/5 എന്ന സ്കോര്‍ നേടിയ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ രണ്ട് ഓവറിൽ മികച്ച രീതിയിലാണ് അയര്‍ലണ്ട് തുടങ്ങിയത്. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി ടീം 25/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഒടുവിൽ ലോര്‍കന്‍ ടക്കര്‍ പുറത്താകാതെ നിന്ന നേടിയ 48 പന്തിൽ നിന്നുള്ള 71 റൺസാണ് ടീമിനെ 137 റൺസിലേക്ക് എത്തിച്ചത്.
രണ്ടാം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് നേടിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ മാക്സ്വെൽ പോള്‍ സ്റ്റിര്‍ലിംഗിനെ പുറത്താക്കി. 18/0 എന്ന നിലയിൽ നിന്ന് 18/2 എന്ന നിലയിലേക്ക് ടീം വീണപ്പോള്‍ അതെ ഓവറിൽ മാക്സ്വെൽ ഹാരി ടെക്ടറിനെയും വീഴ്ത്തി. മിച്ചൽ സ്റ്റാര്‍ക്ക് ഒരേ ഓവറിൽ കര്‍ട്ടിസ് കാംഫറിനെും ജോര്‍ജ്ജ് ഡോക്രെല്ലിനെയും പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ അയര്‍ലണ്ട് 25/5 എന്ന നിലയിൽ തകര്‍ന്നടിഞ്ഞു.
അതിന് ശേഷം ലോര്‍കന്‍ ടക്കര്‍ – ഗാരെത്ത് ഡെലാനി കൂട്ടുകെട്ട് 43 റൺസ് നേടിയാണ് വലിയ നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്. ഡെലാനി പുറത്തായ ശേഷവും പൊരുതി നിന്ന ടക്കര്‍ 71 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെൽ, മിച്ച. സ്റ്റാര്‍ക്ക്, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.