ലോകകപ്പ് യോഗ്യത മത്സരത്തിൽ നെതര്‍ലാണ്ട്സിനെ തറപറ്റിച്ച് അയര്‍ലണ്ട്, കര്‍ട്ടിസ് കാംഫറിന് ഹാട്രിക്ക്

Sports Correspondent

ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് എ യോഗ്യത മത്സരത്തിൽ അയര്‍ലണ്ടിന് ഏഴ് വിക്കറ്റ് ജയം. ഇന്ന് നെതര്‍ലാണ്ട്സിനെതിരെയാണ് അയര്‍ലണ്ടിന്റെ മിന്നും ജയം. കര്‍ട്ടിസ് കാംഫറും മാര്‍ക്ക് അഡൈറും ബൗളിംഗിൽ തിളങ്ങിയപ്പോള്‍ 106 റൺസിന് നെതര്‍ലാണ്ട്സിനെ അയര്‍ലണ്ട് ഓള്‍ഔട്ട് ആക്കുകയായിരുന്നു. കാംഫര്‍ നേടിയ ഹാട്രിക്കാണ് നെതര്‍ലാണ്ട്സിന്റെ നടുവൊടിച്ചത്.

നെതര്‍ലാണ്ട്സിന് വേണ്ടി ഓപ്പണര്‍ മാക്സ് ഒദൗദ് 51 റൺസ് നേടിയപ്പോള്‍ പീറ്റര്‍ സീലാര്‍ 21 റൺസ് നേടി. അയര്‍ലണ്ടിനായി കര്‍ട്ടിസ് കാംഫര്‍ നാലും മാര്‍ക്ക് അഡൈര്‍ മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 15.1 ഓവറിലാണ് വിജയം നേടിയത്. പോള്‍ സ്റ്റിര്‍ലിംഗ് പുറത്താകാതെ 30 റൺസും ഗാരത്ത് ഡെലാനി 29 പന്തിൽ 44 റൺസുമാണ് അയര്‍ലണ്ടിന് വേണ്ടി നേടിയത്.