ഓസ്ട്രേലിയയുടെ സെമി ഫൈനൽ മോഹങ്ങള്‍ക്ക് മേൽ ഇന്ത്യയുടെ ബാറ്റിംഗ് താണ്ഡവം. രോഹിത് ശര്‍മ്മയുടെ 92 റൺസിനൊപ്പം മറ്റു ഇന്ത്യന്‍ താരങ്ങളും നിര്‍ണ്ണായക സംഭാവന നൽകിയപ്പോള്‍ ടീം 205/5 എന്ന സ്കോറാണ് നേടിയത്. ഓസ്ട്രേലിയയുടെ സെമി മോഹങ്ങള്‍ക്ക് ഇന്ന് വിജയം അനിവാര്യമാണ്.
വിരാട് കോഹ്‍ലിയെ പൂജ്യത്തിന് നഷ്ടമായെങ്കിലും പിന്നീട് കണ്ടത് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ സംഹാര താണ്ഡവമാടുന്ന രോഹിത് ശര്‍മ്മയെ ആയിരുന്നു. 87 റൺസായിരുന്നു രോഹിതും പന്തും രണ്ടാം വിക്കറ്റിൽ നേടിയത്. ഇതിൽ പന്തിന്റെ സംഭാവന 15 റൺസ് മാത്രമായിരുന്നു. കോഹ്‍ലിയെ ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ ഋഷഭ് പന്തിന്റെ വിക്കറ്റ് സ്റ്റോയിനിസ് ആണ് നേടിയത്.
പന്ത് പുറത്തായ ശേഷവും രോഹിത് ആഞ്ഞടിച്ചപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 114/2 എന്ന സ്കോറാണ് നേടിയത്. അധികം വൈകാതെ ഇന്ത്യയ്ക്ക് രോഹിത്തിനെ നഷ്ടമായപ്പോള്‍ താരം 41 പന്തിൽ നിന്ന് 92 റൺസാണ് നേടിയത്. 7 ഫോറും 8 സിക്സും അടക്കമായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. മൂന്നാം വിക്കറ്റിൽ രോഹിത് – സ്കൈ കൂട്ടുകെട്ട് 34 റൺസാണ് നേടിയത്.
രോഹിത് പുറത്തായ ശേഷം സൂര്യകുമാര്‍ യാദവ് 16പന്തിൽ 31 റൺസും ശിവം ദുബേ 22 പന്തിൽ 28 റൺസ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയെ 205 റൺസിലേക്ക് എത്തിച്ചത്. 17 പന്തിൽ 27 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയെ മുന്നോട്ട് നയിച്ചു.