ടി ട്വന്റി ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം വിജയിച്ചാൽ ഇന്ത്യ സെമിഫൈനൽ ഏതാണ്ട് ഉറപ്പിക്കും. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് ആകട്ടെ അവരുടെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. അതുകൊണ്ട് ഇന്ന് പരാജയപ്പെട്ടാൽ ബംഗ്ലാദേശിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിക്കും.
ഇന്ന് ഇന്ത്യ അനായാസം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്പിന്നിനെ തുണക്കുന്ന പിച്ച് ആയതുകൊണ്ട് തന്നെ കുൽദീപ് യാദവ് ഉൾപ്പെടെ മൂന്ന് സ്പിന്നർമാരുമായി തന്നെയാകും ഇന്നും ഇന്ത്യ ഇറങ്ങുക. ഇന്ത്യയുടെ മുൻ നിര ബാറ്റർമാരിൽ പലരും ഫോമിലാവാത്തത് ഇന്ത്യക്ക് ആശങ്ക നൽകുന്നുണ്ട്. എങ്കിലും ഇന്ത്യ ഇന്നും ടീമിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ സാധ്യതയില്ല. സൂര്യകുമാർ യാദവും റിഷഭ് പന്തും മാത്രമാണ് ഇതുവരെ ബാറ്റു കൊണ്ട് ഫോമിലേക്ക് എത്തിയ താരങ്ങൾ.
ഓപ്പണിങ് കൂട്ടുകെട്ട് പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാലും രോഹിത് കോഹ്ലി കൂട്ടുകെട്ട് മാറ്റി ഓപ്പണിങിൽ ജയ്സ്വാളിനെയോ സഞ്ജുവിനെയോ കൊണ്ടുവരാനുള്ള ഒരു ശ്രമം ഇന്ത്യൻ മാനേജ്മെൻറ് നടത്താൻ സാധ്യതയില്ല. ഒട്ടും ഫോമിൽ അല്ലാത്ത ശിവം ദൂബെയെ മാറ്റാനും സാധ്യത കാണുന്നില്ല. ശിവം ദൂബെ ബോൾ ചെയ്യുന്നില്ല എങ്കിലും ഒരു ഓൾറൗണ്ടർ ആയി തന്നെ പരിഗണിച്ച് ദുബെയെ ടീമിൽ നിലനിർത്തും. സഞ്ജു ഇന്നും കളിക്കാൻ സാധ്യതയില്ല. ഇന്ന് നടക്കുന്ന മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാനാകും.