ടി20 ലോകകപ്പിൽ സൂപ്പർ 8 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. 7 റൺസിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ 156/6 റൺസ് എടുക്കാനെ ആയുള്ളൂ. അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണ്ടപ്പോൾ മികച്ച ബൗളിംഗ് ചെയ്ത് നോർക്കിയ ആണ് ദക്ഷിണാഫ്രിക്കൻ വിജയം ഉറപ്പിച്ചത്.
ഇംഗ്ലണ്ടിനായി 53 റൺസ് എടുത്ത ഹാരി ബ്രൂകും 33 റൺസ് എടുത്ത ലിവിംഗ്സ്റ്റോണും മാത്രമാണ് തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ആയി റബാദയും മഹാരാജും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 163/6 റൺസ് ആണ് എടുത്തത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെയും മില്ലറിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. തുടക്കത്തിൽ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്ക പവർ പ്ലേയിൽ 63 റൺസ് എടുത്തിരുന്നു. പിന്നീടാണ് അവരുടെ സ്കോറിംഗ് വേഗത കുറഞ്ഞത്.
ഡി കോക്ക് 38 പന്തിൽ നിന്ന് 65 റൺസ് എടുത്തു. 4 സിക്സും 4 ഫോറും ഡി കോക്കിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. മില്ലർ അവസാനം 28 പന്തിൽ 43 റൺസും എടുത്തു. 2 സിക്സും 4 ഫോറും മില്ലർ അടിച്ചു. 8 റൺസ് എടുത്ത ക്ലാസൻ, 1 റൺ എടുത്ത മാക്രം എന്നിവർ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ആർച്ചർ 3 വിക്കറ്റും ആദിൽ റഷീദ്, മൊയീൻ അലി എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.