ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക 203 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 49.3 ഓവറിലാണ് ലങ്കയുടെ ഇന്നിംഗ്സ് അലസാനിച്ചത്. അവിഷ്ക ഫെര്‍ണാണ്ടോ-കുശല്‍ പെരേര കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ 67 റണ്‍സ് ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്നിംഗ്സില്‍ ഒരു ഘട്ടത്തിലും ലങ്കന്‍ ബാറ്റിംഗ് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല.
ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെ നഷ്ടമായെങ്കിലും കുശല്‍ പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് ടീമിന്റെ സ്കോറിംഗ് മുന്നോട്ട് നീക്കിയെങ്കിലും ഡ്വെയിന്‍ പ്രിട്ടോറിയസ് ഇരുവരെയും പുറത്താക്കി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ നേടി. തുടര്‍ന്നുള്ള മൂന്ന് വിക്കറ്റുകളും പ്രിട്ടോറിയസ് തന്നെയാണ് വീഴ്ത്തിയത്. 30 റണ്‍സ് വീതം നേടിയ കുശല്‍ പെരേരയെയും അവിഷ്ക ഫെര്‍ണാണ്ടോയെയും പുറത്താക്കിയ പ്രിട്ടോറിയസിന് തന്നെയാണ് കുശല്‍ മെന്‍ഡിസിന്റെയും (23) വിക്കറ്റ് ലഭിച്ചത്.
67/1 എന്ന നിലയില്‍ നിന്ന് 72/3 എന്ന നിലയിലേക്ക് വീണ ലങ്ക പിന്നീട് ഇഴഞ്ഞ് നീങ്ങിയാണ് 203 റണ്‍സിലേക്ക് എത്തിയത്. ധനന്‍ജയ ഡിസില്‍വ(24), തിസാര പെരേര(21) ജിവന്‍ മെന്‍ഡിസ്(18), ഇസ്രു ഉഡാന(16) എന്നിവരാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസും ഡ്വെയിന്‍ പ്രിട്ടോറിയസും മൂന്ന് വീതം വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.