ലോകകപ്പിൽ സിക്സറുകൾ പവലിയൻ കടക്കുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്. T20 യുടെ വരവോടുകൂടി ഹെവി ഹിറ്റേഴ്സിന് ആരാധകർ കൂടിയതും അതൊരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. 2015 ലോകകപ്പിൽ സിക്സറുകൾക്ക് പഞ്ഞമില്ലായിരുന്നു. നിങ്ങൾ ഊഹിച്ച പോലെ തന്നെ യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗെയിൽ തന്നെയാണ് ഏറ്റവുമധികം സിക്സറുകൾ അടിച്ചു കൂട്ടിയത്. കഴിഞ്ഞ ലോകകപ്പിൽ 26 സിക്സറുകളാണ് ക്രിസ് ഗെയിൽ അടിച്ചത്.
എന്നാൽ 2003 ലോകകപ്പിൽ കഥ വേറെയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയാണ് ഏറ്റവുമധികം സിക്സറുകൾ അടിച്ചത്. 15 സിക്സറുകളാണ് ദാദ അടിച്ചു കൂട്ടിയത്. 2007 ലോകകപ്പിൽ മാത്യൂ ഹെയ്ഡൻ അടിച്ചത് 18 സിക്സറുകളായിരുന്നു. 2011 ലോകകപ്പിൽ ഏറ്റവുമധികം സിക്സറടിച്ചത് റോസ് ടൈലറായിരുന്നു. 14 എണ്ണം. ആന്ദ്രെ റസലും ക്രിസ് ഗെയിലുമടങ്ങുന്ന വെടിക്കെട്ട് താരങ്ങൾ ഇറങ്ങുന്ന ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ അടിക്കുന്നത് ആരാണെന്ന് അറിയാൻ നമുക്ക് കാത്തിരിക്കാം