ഈ ലോകകപ്പിൽ വീണ്ടും ചരിത്രമെഴുതി ഷാകിബ് അൽ ഹസൻ. ലോകകപ്പിലെ അർദ്ധ സെഞ്ചുറികളുടെ കാര്യത്തിലാണ് ഷാകിബ് അൽ ഹസൻ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയത്. പാകിസ്താനെതിരെ നേടിയ അർദ്ധ സെഞ്ചുറി താരത്തിന്റെ ഈ ലോകകപ്പിലെ 7മത്തെ അർദ്ധ സെഞ്ചുറിയായിരുന്നു. പാകിസ്താനെതിരെ 64 റൺസാണ് ഷാകിബ് നേടിയത്. ഏകദിനത്തിൽ ഷാകിബിന്റെ 47മത്തെ അർദ്ധ സെഞ്ചുറിയായിരുന്നു ഇത്.
2003 ലോകകപ്പിൽ 7 അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമാണ് ഷാകിബ് അൽ ഹസൻ എത്തിയത്. ഈ ലോകകപ്പിൽ നേരത്തെ 500 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഷാകിബ് അൽ ഹസൻ സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പിൽ 606 റൺസ് താരം നേടിയിരുന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഷാകിബ് മൂന്നാം സ്ഥാനത്താണ്. 673 റൺസ് സച്ചിനും 659 റൺസ് നേടിയ മാത്യു ഹെയ്ഡനും മാത്രമാണ് ഷാകിബിന് മുൻപുള്ള മറ്റു താരങ്ങൾ. ഇത് കൂടാതെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും ഇതോടെ ഷാകിബ് നേടി. 2003 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സച്ചിൻ 586 റൺസാണ് നേടിയത്.