ലോകകപ്പ് റിസര്‍വ് പട്ടികയില്‍ ഇടം പിടിച്ച് കരീബിയന്‍ സൂപ്പര്‍ താരങ്ങള്‍

Sports Correspondent

വിന്‍ഡീസിന്റെ ലോകകപ്പ് സ്ക്വാഡിന്റെ റിസര്‍വ് പട്ടികയില്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തി വിന്‍ഡീസ് ബോര്‍ഡ്. റിട്ടയര്‍ ചെയ്ത അന്താരാഷ്ട്ര താരം ഡ്വെയിന്‍ ബ്രാവോയെയും കീറണ്‍ പൊള്ളാര്‍ഡിനെയും ആണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച 15 അംഗ സ്ക്വാഡില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ താരങ്ങള്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുമെന്നാണ് അറിയുന്നത്.

ബോര്‍ഡുമായുള്ള പ്രശ്നങ്ങള്‍ കാരണം ബ്രാവോ 2016 സെപ്റ്റംബറിലാണ് വിന്‍ഡീസനായി അവസാനം കളിച്ചത്. പാക്കിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിലാണ് താരം പങ്കെടുത്തത്. 2014 ഒക്ടോബറിലാണ് താരം അവസാനമായി ടീമിനു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. ഐപിഎലില്‍ മുംബൈയ്ക്കൊപ്പം കിരീടം സ്വന്തമാക്കി മികച്ച ഫോമിലുള്ള കീറണ്‍ പൊള്ളാര്‍ഡാണ് കരുതല്‍ പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം. ബ്രാവോയെ പോലെ 2016ലാണ് പൊള്ളാര്‍ഡും അവസാനമായി വിന്‍ഡീസിനു വേണ്ടി കളിച്ചത്.

പത്ത് താരങ്ങളെയാണ് വിന്‍ഡീസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുനില്‍ ആംബ്രിസ്, ജോണ്‍ കാംപെല്‍, ജോനാഥന്‍ കാര്‍ട്ടര്‍, റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച്, കീമോ പോള്‍, ഖാരി പിയറി, റേയ്മന്‍ റീഫര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.