ശതകം നേടിയ ശേഷം ഹിറ്റ് വിക്കറ്റായി പുറത്തായി ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസമിന് ശതകം നഷ്ടം

Sports Correspondent

വിജയം മാത്രം മതിയാകാത്ത പാക്കിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിന് 315 റണ്‍സ്. 300ലധികം റണ്‍സ് വ്യത്യാസത്തില്‍ ജയിക്കേണ്ട കളിയില്‍ പാക്കിസ്ഥാന് ബാറ്റിംഗിന് വേണ്ടത്ര രീതിയില്‍ ബാറ്റ് വീശാനാകാത്തതാണ് തിരിച്ചടിയായത്. തുടക്കത്തില്‍ ഫകര്‍ സമനെ നഷ്ടമായ ശേഷം പാക്കിസ്ഥാനെ ബാബര്‍ അസം-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും ഇന്നത്തെ മത്സരത്തിന്റെ സാഹചര്യമനുസരിച്ചൊരു ഇന്നിംഗ്സ് പുറത്തെടുക്കുവാന്‍ ഇരു താരങ്ങള്‍ക്കുമായില്ല.

157 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയെങ്കിലും റണ്‍ റേറ്റ് ഉയര്‍ത്തുവാന്‍ ഇരു താരങ്ങള്‍ക്കുമായില്ല. തന്റെ ശതകത്തിന് നാല് റണ്‍സ് അകലെ ബാബര്‍ അസം പുറത്തായപ്പോള്‍ 66 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഹഫീസിനോടൊപ്പം നേടിയ ശേഷം ഇമാം ഉള്‍ ഹക്ക് ശതകം പൂര്‍ത്തിയാക്കിയെങ്കിലും ഹിറ്റ് വിക്കറ്റായാണ് തന്റെ കന്നി ലോകകപ്പ് ശതകം നേടിയ ശേഷം താരം പുറത്തായത്. അടുത്ത ഓവറില്‍ മുഹമ്മദ് ഹഫീസിനെയും നഷ്ടമായതോടെ പാക്കിസ്ഥാന് വലിയ സ്കോറെന്ന ആഗ്രഹം മറക്കേണ്ടി വരികയായിരുന്നു.

പാക്കിസ്ഥാന് ആവശ്യമായ റണ്‍സ് നേടിക്കൊടുക്കുമെന്ന് കരുതിയ ഹാരിസ് സൊഹൈലിനും അധികം പിടിച്ച് നില്‍ക്കാനാകാതെ മുസ്തഫിസുറിന് വിക്കറ്റ് നല്‍കി മടങ്ങി. വെറും 6 റണ്‍സാണ് താരം നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോളും ഇമാദ് വസീമിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാനെ 300 കടക്കുവാന്‍ സഹായിച്ചത്. 26 പന്തില്‍ നിന്നാണ് ഇമാദ് 43 റണ്‍സാണ് നേടിയത്.

9 വിക്കറ്റുകള്‍ പാക്കിസ്ഥാന് നഷ്ടമായപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ചും മുഹമ്മദ് സൈഫുദ്ദീന്‍ മൂന്ന് വിക്കറ്റും നേടി.