2018ല്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തിനു ഒരേ ഒരു അവകാശി മാത്രമേ ഉണ്ടായിരുന്നു. അത് ആരോട് ചോദിച്ചാലും അമ്പാട്ടി റായിഡുവായിരുന്നു. ഐപിഎലിന്റെ മികവില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയെങ്കിലും ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം താരത്തിനു ആദ്യ ടീമിനു പുറത്ത് പോകേണ്ടി വന്നു. എന്നാല്‍ യോ യോ ടെസ്റ്റില്‍ താരം വീണ്ടും പാസ്സായതോടെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയ റായിഡു തന്റെ പ്രകടന മികവില്‍ ആ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ ഏറെക്കാലത്തെ തലവേദനയായ നാലാം നമ്പറിലാരെന്ന ചോദ്യത്തിനു അതോടെ അറുതിയായെന്നാണ് ഏവരും കരുതിയത്. എന്നാല്‍ 2019 ആയപ്പോള്‍ റായിഡു വീണ്ടും പഴയ പടിയായി. മോശം ഫോമിലേക്ക് വീണ താരം ഓസ്ട്രേലിയന്‍ പരമ്പരയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയും ടീമില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരെ അവസാന രണ്ട് മത്സരങ്ങളില്‍ താരത്തെ ടീമിനു പുറത്തിരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
ഐപിഎലില്‍ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിലെത്തിയ താരം അവിടെയും റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ താരത്തിനെ ഓപ്പണിംഗില്‍ നിന്ന് മാറ്റി നാലാം നമ്പറില്‍ പരീക്ഷിക്കുകയും അതില്‍ ഒരു മത്സരത്തില്‍ താരം ഫോം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ സ്ഥാനം ഉറപ്പല്ലാത്ത സ്ഥിതി 2019 ആരംഭം മുതല്‍ സംജാതമാകുകയായിരുന്നു.
ഇപ്പോള്‍ താരം ഭയന്നത് പോലെ തന്നെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് താരം പുറത്താകുക കൂടിയുണ്ടായി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധയൂന്നുവാന്‍ താരം തീരുമാനിച്ച ശേഷമാണ് റായിഡുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്.