ലോകകപ്പിന് മുമ്പ് വിന്‍ഡീസ് ഏറെ പ്രതീക്ഷയര്‍പ്പിച്ച താരമായിരുന്നു ഷായി ഹോപ്. എന്നാല്‍ താരത്തില്‍ നിന്ന് വേണ്ടത്ര പ്രകടനം പുറത്ത് വരാതിരുന്നപ്പോള്‍ വിന്‍ഡീസിന്റെ സെമി സ്വപ്നങ്ങള്‍ തകരുകയായിരുന്നു. പാക്കിസ്ഥാനെതിരെ മികച്ച തുടക്കത്തിന് ശേഷം ചില മത്സരങ്ങളില്‍ വിന്‍ഡീസ് പൊരുതി തോറ്റപ്പോള്‍ ചിലതില്‍ തങ്ങളുടെ പ്രതാപകാലത്തെ നിഴല്‍ മാത്രമായി മാറി കരീബിയന്‍ കരുത്തന്മാര്‍. ഇതില്‍ ക്രിസ് ഗെയിലിന്റെ പരാജയം പ്രധാന ഘടകമായിരുന്നുവെങ്കില്‍ ഷായി ഹോപിന്റെ പ്രകടനം ആണ് ഏറ്റവും നിരാശജനകമായത്.
ഹോപ് ലോകകപ്പിന് മുമ്പുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ ശതകങ്ങള്‍ അടിച്ച് കൂട്ടിയപ്പോള്‍ ലോകകപ്പില്‍ തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിയില്ല ഹോപ്. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ 77 റണ്‍സ് നേടി താരം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയെങ്കിലും ഏറെ വൈകിയിരുന്നു താരത്തിന് കാര്യങ്ങള്‍.
സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കണ്ടെത്തുവാന്‍ ടീമിനായി എന്നതാണ് പ്രധാനമെന്ന് ഹോപ് മത്സര ശേഷം പറഞ്ഞു. ഞങ്ങള്‍ വിചാരിച്ച പ്രകടനം ലോകകപ്പില്‍ ടീം നേടിയില്ല, എന്നാല്‍ ഇത് വലിയൊരു അനുഭവമായിരുന്നു. താനും ടീമംഗങ്ങളും ഏറെ കാര്യങ്ങള്‍ ഇതില്‍ നിന്ന് പഠിച്ചുവെന്ന് ഹോപ് വ്യക്തമാക്കി. വിജയത്തോടെ ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കാനായത് വലിയ കാര്യമാണെന്നും താന്‍ ഈ ഫോം തുടര്‍ന്ന് മുന്നോട്ട് കൊണ്ടുപോയി അടുത്ത പരമ്പരയിലും കഴിവ് തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു.