ഡി വില്ലിയേഴ്‌സിന്റെ തിരിച്ചു വരവ് വാഗ്ദാനം നിരസിച്ചതിൽ നിരാശയില്ല- ക്രിക്കറ്റ് സൗത്താഫ്രിക്ക

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച ഡി വില്ലിയേഴ്‌സിന്റെ വാഗ്ദാനം നിരസിച്ചതിൽ നിരാശയില്ല എന്ന് ക്രിക്കറ്റ് സൗത്താഫ്രിക സെലക്ഷൻ കൺവീനർ ലിണ്ട സോണ്ടി. ലോകകപ്പിന് മുന്നോടിയായി താരം ടീമിൽ കളിക്കാൻ സമ്മതം അറിയിച്ചിരുന്നെങ്കിലും സെലക്ഷൻ കമ്മിറ്റി അത് തള്ളുകയായിരുന്നു. പക്ഷെ ലോകകപ്പ് തുടങ്ങി ടീമിന്റെ ദയനീയ പ്രകടനത്തോടെ താരത്തെ തിരിച്ചു വിളിക്കാൻ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

ലോകകപ്പ് ടീമിലെ സ്ഥാനം ലക്ഷ്യമിട്ട് കഠിന പ്രയത്നം നടത്തിയ മറ്റ് കളിക്കാരോടുള്ള അനീതിയാവും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡിവില്ലിയേഴ്‌സിനെ സെലക്ഷൻ കമ്മിറ്റി പുറത്തിരുത്തിയത്. 2018 ൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചപ്പോൾ താരത്തിന്റെ തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം തയ്യാറായിരുന്നില്ല എന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂട്ടി ചേർത്തു. ഏപ്രിൽ 18 ന് ലോകകപ്പ് സ്കോഡ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപേ മാത്രമാണ് ക്യാപ്റ്റൻ ഡുപ്ലെസിയും പരിശീലകൻ ഗിബ്സനും ഡി വില്ലിയേഴ്സിന്റെ വാഗ്ദാനം സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചത് എന്നും സോണ്ടി കൂട്ടി ചേർത്തു.

2019 ലോകകപ്പിൽ ദയനീയ തുടക്കമാണ് സൗത്താഫ്രിക നടത്തിയത്. ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നുവരോട് തോറ്റ ടീമിൽ പ്രധാന താരങ്ങളുടെ പരിക്കാണ് വിനയായത്. ഇതേ സമയം തനിക്കായി മുറവിളി കൂട്ടുന്ന ആരാധകരോട് ഈ നിർണായക സമയത്ത് ടീമിനെ പിന്തുണക്കാൻ ഡി വില്ലിയേഴ്‌സ് ട്വിറ്റെർ വഴി ആവശ്യപ്പെട്ടു.