ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് മത്സരമാണെന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെൻ സ്റ്റോക്സ്. സമനിലയിൽ അവസാനിച്ച മത്സരം സൂപ്പർ ഓവറിലും സമനിലയിൽ കലാശിച്ചതിനെ തുടർന്ന് കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിലാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്.
മത്സരത്തിൽ ഒരു വേള ഇംഗ്ലണ്ട് തോൽക്കുമെന്ന് ഘട്ടത്തിൽ ബെൻ സ്റ്റോക്സിന്റെ ഇന്നിങ്സും ഭാഗ്യത്തിന്റെ പിന്തുണയും ഇംഗ്ലണ്ടിന് കിരീടം നേടികൊടുക്കുകയായിരുന്നു. 98 പന്തിൽ പുറത്താവാതെ 84 റൺസ് നേടിയ സ്റ്റോക്സ് ആണ് മത്സരം സമനിലയിൽ എത്തിച്ചത്. സ്റ്റോക്സ് തന്നെയായിരുന്നു മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും. അവസാന ഓവറിൽ ഗുപ്റ്റിൽ ഫീൽഡിങ്ങിനിടെ കീപ്പർക്ക് എറിഞ്ഞ പന്ത് സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ഓവർ ത്രോ ബൗണ്ടറി കടന്നതും ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു.
മത്സരം ശേഷം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനോട് പന്ത് ബാറ്റിൽ തട്ടിയതിന് സ്റ്റോക്സ് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.