ലോകകപ്പിലെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അമീര്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് 2019ല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മാറി മുഹമ്മദ് അമീര്‍. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ ടീം പരാജയപ്പെട്ടുവെങ്കിലും തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച് മുഹമ്മദ് അമീര്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. പത്തോവറില്‍ നിന്ന് 30 റണ്‍സ് മാത്രം വഴങ്ങി അമീര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അതില്‍ 2 മെയ്ഡന്‍ ഓവറുകളുമുണ്ടായിരുന്നു. തന്റെ സ്പെല്ലില്‍ വെറും ഒരു ഫോര്‍ മാത്രമാണ് താരം വഴങ്ങിയത്.

ടെസ്റ്റ് കളിയ്ക്കുന്ന രാജ്യത്തിനെതിരെ ലോകകപ്പിലെ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ മുഹമ്മദ് അമീര്‍ പുറത്തെടുത്തത്. വസീം അക്രം നമീബിയയ്ക്കെതിരെ നേടിയ 28/5 എന്ന ഫിഗര്‍ ആണ് ലോകകപ്പിലെ പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അതേ സമയം 9 വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇവര്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മുഹമ്മദ് അമീര്‍ 3 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ കളിച്ചത്.

ന്യൂസിലാണ്ട് താരങ്ങളായ ലോക്കി ഫെര്‍ഗൂസണ്‍(8 വിക്കറ്റ്), മാറ്റ് ഹെന്‍റി(7 വിക്കറ്റ്) എന്നിവര്‍ക്ക് പിന്നിലായി 6 വിക്കറ്റ് നേടി 5 താരങ്ങളാണ് വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനികളായി നില്‍ക്കുന്നത്. ഇവരില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലിനോടൊപ്പം മുഹമ്മദ് സൈഫുദ്ദീന്‍(ബംഗ്ലാദേശ്), ജെയിംസ് നീഷം(ന്യൂസിലാണ്ട്), ജോഫ്ര ആര്‍ച്ചര്‍(ഇംഗ്ലണ്ട്), ഒഷെയ്ന്‍ തോമസ്(വിന്‍ഡീസ്) എന്നിവരാണുള്ളത്.