മാക്സ്‌വെൽ ഇന്ന് കളിച്ച ഇന്നിംഗ്സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരിക്കും. ഇങ്ങനെ ഒരു ഇന്നിംഗ്സ് സ്വപ്നങ്ങള മാത്രമാകും കണ്ടത്. 292 എന്ന ലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 91-7 എന്ന നിലയിൽ പരുങ്ങിയ അവസ്ഥയിൽ നിന്ന് ഒറ്റയ്ക്ക് നിന്ന് റെക്കോർഡുകൾ എല്ലാം ഭേദിച്ച ഒരു പ്രകടനം ആണ് മാക്സ്‌വെലിൽ നിന്ന് കാണാൻ ആയത്. പാറ്റ് കമ്മിൻസിനെ ഒരു വശത്ത് നിർത്തി തന്റെ എല്ലാം കൊടുത്തുള്ള ഇന്നിംഗ്സ്.
ഇന്നിംഗ്സ് മുന്നോട്ട് പോകവെ പരിക്കേറ്റതോടെ ഓടാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു മാക്സ്‌വെൽ. എന്നിട്ടും മാക്സിയെ തടയാൻ ആർക്കും ആയില്ല. 201 റൺസ് നേടി മാക്സി ഓസ്ട്രേലിയയുടെ സെമി ഫൈനൽ യോഗ്യത ഉറപ്പിച്ച വിജയത്തിലേക്ക് അവരെ എത്തിച്ഛു. വിജയത്തിലേക്ക് 6 പറത്തി ആയിരുന്നു മാക്സ്‌വെൽ തന്റെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്.
വെറും 128 പന്തിൽ നിന്നാണ് 201 റൺസ് മാക്സ്‌വെൽ നേടിയത്. 10 സിക്സും 21 ഫോറും. അവസാന 100 റൺസ് ഓടാൻ പോലും പറ്റാത്ത അവസ്ഥയിൽ നിന്നാണ് മാക്സ്‌വെൽ അടിച്ചത്. 202 റൺസിന്റെ എട്ടാം വിക്കറ്റ് പാർട്ണർഷിപ്പിൽ മറുവശത്ത് ഉണ്ടായിരുന്ന കമ്മിൻസിന്റെ ആകെ സംഭാവന 12 റൺസ് ആയിരുന്നു.
ഈ ഇന്നിംഗ്സിലൂടെ ഓസ്ട്രേലിയയുടെ ഏകദിനത്തിലെ എറ്റവും ഉയർന്ന സ്കോറും മാക്സ്‌വെലിന്റെ പേരിലായി.