കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയത് തിരിച്ചടിയായി, തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരവ് നടത്തുന്നതാണ് ഇംഗ്ലണ്ടിന്റെ ശക്തി

Sayooj

ഇംഗ്ലണ്ട് ശ്രീലങ്കയ്ക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും ശ്രീലങ്കയെ ചേസ് ചെയ്യാവുന്ന സ്കോറിലാണ് ഒതുക്കിയതെന്നും താന്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. എന്നാല്‍ ടീമില്‍ നിന്ന് കൂട്ടുകെട്ടുകള്‍ പിറക്കാതെ പോയത് തിരിച്ചടിയായി. ചില വ്യക്തിഗത മികവില്‍ ജയത്തിന്റെ വക്കോളമെത്തുവാന്‍ ടീമിനായെങ്കിലും കൂട്ടുകെട്ടുകള്‍ ഇല്ലാത്തതാണ് അവസാന കടമ്പ കടക്കാന്‍ ടീമിനു വിലങ്ങു തടിയായത്.

ടൂര്‍ണ്ണമെന്റിലെ ഓരോ മത്സരങ്ങളും കടുപ്പമേറിയതാണ്. തിരിച്ചടികളില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തുന്നു എന്നതാണ് ഇംഗ്ലണ്ടിന്റെ ശക്തി, അതിനാല്‍ തന്നെ ഇനിയുള്ള മത്സരങ്ങളിലും തങ്ങള്‍ക്ക് വലിയ അവസരങ്ങളാണുള്ളതെന്നും. ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തെ തങ്ങള്‍ ഏവരും ഉറ്റുനോക്കുന്ന ഒന്നാണെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.