അവസാന നിമിഷം മാത്രം ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ച താരമാണെങ്കിലും ഇംഗ്ലണ്ടിന്റെ വജ്രായുധം ജോഫ്ര ആര്‍ച്ചറാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുവാന്‍ കഴിവുള്ള താരം ഇംഗ്ലണ്ട് നിരയിലെ ഏറ്റവും അപകടകാരിയായ താരമായി മാറുമെന്നാണ് വിരാട് കോഹ്ലിയുടെ വിലയിരുത്തല്‍. കോഹ്ലിയെ പുറത്താക്കുന്നതാണ് തന്റെ ലോകകപ്പിലെ ലക്ഷ്യമെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു.
മറ്റുള്ള താരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ പ്രതിഭയാണ് ജോഫ്ര ആര്ച്ചറുടേതെന്നും വിരാട് പറഞ്ഞു. ഐപിഎലിലും മറ്റു ഫ്രാഞ്ചൈസി ടി20 ലീഗുകളിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരം വളരെ അധികം പേസ് സൃഷ്ടിക്കുന്നുണ്ടെന്നും താരത്തിന്റെ റണ്ണപ്പ് പരിഗണിക്കുമ്പോള്‍ ആരും അത്രയും പേസ് പ്രതീക്ഷിക്കില്ലെന്നും കോഹ്ലി പറഞ്ഞു.
ഐപിഎലില്‍ താന്‍ താരത്തിന്റെ കളി കണ്ടിട്ടുണ്ട്, ഇംഗ്ലണ്ട് താരത്തെ ടീമിലെത്തിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കിയത് എന്ത് കൊണ്ടാണെന്നുള്ളത് ലോകത്തിനെ തനിക്ക് ലഭിച്ച അവസരങ്ങളിലൂടെ ആര്‍ച്ചര്‍ തെളിയിച്ചിട്ടുണ്ട്. തന്നെ പുറത്താക്കണമെന്ന് ആര്‍ച്ചര്‍ ആഗ്രഹിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നും വിരാട് കോഹ്ലി അഭിപ്രായപ്പെട്ടു.