ഇന്ത്യയ്ക്കെതിരെയുള്ള ലോകകപ്പ് തോല്‍വികള്‍ക്ക് ഇക്കുറി അവസാനം കുറിയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ഇന്‍സമാം

Sports Correspondent

ആറ് തവണയാണ് ലോകകപ്പില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരിക്കുന്നത്. 2011 ലോകകപ്പ് സെമിയില്‍ 29 റണ്‍സിനു തോറ്റത്താണ് പാക്കിസ്ഥാെന്റെ ഏറ്റവും ചെറിയ മാര്‍ജിനിലുള്ള സ്കോര്‍. എന്നാല്‍ ഇത്തവണ തങ്ങളുടെ ഈ തോല്‍വിയുടെ ശൃംഖല തകര്‍ക്കുവാന്‍ ടീമിനാകുമെന്നാണ് മുന്‍ താരവും പാക്കിസ്ഥാന്‍ സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നത്.

ജൂണ്‍ 16നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ മാറി മറിയുമെന്നാണ് ഇന്‍സമാം പ്രതീക്ഷിക്കുന്നത്. ആളുകള്‍ ഇന്ത്യ-പാക് മത്സരത്തെ വളരെ ഗൗരവമായി എടുക്കുകയാണ് പതിവ്. ആരോട് തോറ്റാലും ലോകകപ്പില്‍ ഇന്ത്യയോട് ജയിച്ചാല്‍ മാത്രമേ സന്തോഷമുള്ളുവെന്ന തരത്തിലാണ് ആളുകളുടെ പെരുമാറ്റം, ഇത്തവണ അതിനു സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇന്‍സമാം പറഞ്ഞു.

എന്നാല്‍ ഏകദിനത്തില്‍ തുടര്‍ച്ചയായ പത്താം തോല്‍വിയാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ ഏറ്റുവാങ്ങിയത്. ഈ അവസരത്തില്‍ ഇന്ത്യയ്ക്കെതിരെ വിജയം നേടുകയെന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യമാണെന്നത് പാക് ആരാധകര്‍ക്കും അറിയാവുന്ന കാര്യമാണ്.