ഐ.സി.സി. നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് ന്യൂസിലാൻഡ് പരിശീലകൻ

Staff Reporter

ഇംഗ്ലനെതിരായ ലോകകപ്പ് ഫൈനൽ വിചിത്രമായ രീതിയിൽ പരാജയപെട്ടതിന് പിന്നാലെ ഐ.സി.സി ഇതുപോലെയുള്ള നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലാൻഡ് പരിശീലകൻ ഗാരി സ്റ്റീഡ്. മത്സരത്തിൽ നിശ്ചിത 50 ഓവറിലും സൂപ്പർ ഓവറിലും സമനില ആയതിനെ തുടർന്ന് ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് കിരീടമായിരുന്നു ഇത്.

ഇതിനെതിരെ ഐ.സി.സിക്കെതിരെ നിരവധി മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇന്ത്യൻ താരം രോഹിത് ശർമ്മയും മുൻ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീർ എന്നിവരും ഐ.സി.സിയുടെ ഈ നിയമത്തെ ചോദ്യം ചെയ്‌തുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുന്നതിലും നല്ലത് ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുന്നതായിരുന്നെന്ന് ന്യൂസിലാൻഡ് പരിശീലകൻ അഭിപ്രായപ്പെട്ടു. ന്യൂസിലാൻഡ് ബാറ്റിംഗ് പരിശീലകൻ ക്രെയ്ഗ് മാക്മില്ലനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.