ഗ്രാന്‍ഡോം ടീമിന്റെ X-ഫാക്ടര്‍

Sayooj

ന്യൂസിലാണ്ട് ടീമിന്റെ എക്സ് ഫാക്ടര്‍ ആണ് കോളിന്‍ ഗ്രാന്‍ഡോം എന്ന് കെയിന്‍ വില്യംസണ്‍. ഇന്നലെ കെയിന്‍ വില്യംസണൊപ്പം നിര്‍ണ്ണായക ഘട്ടത്തില്‍ 47 പന്തില്‍ നിന്ന് 60 റണ്‍സാണ് ഗ്രാന്‍ഡോം നേടിയത്. ഇരുവരും തമ്മിലുള്ള 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തെ ന്യൂസിലാണ്ടിനു അനുകൂലമാക്കി മാറ്റിയത്. താരം പുറത്തായ ശേഷം തന്റെ ശതകം പൂര്‍ത്തിയാക്കി കെയിന്‍ ആണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

താരം ക്രീസിലെത്തി വലിയ ഷോട്ടുകള്‍ കളിച്ചതാണ് തന്നില്‍ നിന്ന് സമ്മര്‍ദ്ദത്തെ അകറ്റിയതെന്നാണ് ന്യൂസിലാണ്ട് നായകന്‍ പറഞ്ഞത്. ഇരു ടീമുകളും നന്നായി ബൗള്‍ ചെയ്തുവെന്നും ഇന്നിംഗ്സിന്റെ ഗതി മാറ്റിയത് കോളിന്‍ ഡി ഗ്രാന്‍ഡോമാണെന്നും ന്യൂസിലാണ്ട് നായകന്‍ തുറന്ന് സമ്മതിച്ചു. താന്‍ ഗ്രാന്‍ഡോമിനോട് അധികമൊന്നും ചര്‍ച്ച ചെയ്തില്ലെന്നും താരം മറുവശത്ത് അടിച്ച് തകര്‍ക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.