ക്രിക്കറ്റ് ആരാധകർക്കിത് ഞെട്ടിക്കുന്ന വാർത്ത. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിൽ വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ വെസ്റ്റ് ഇൻഡീസിന്റെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയായെന്നാണ് ഗെയിൽ പ്രഖ്യാപിച്ചത്. ആഗസ്റ്റിലും സെപ്റ്റെംബറിലുമായാണ് ടെസ്റ്റ് പരമ്പര വെസ്റ്റ് ഇൻഡീസിൽ വെച്ച് നടക്കുക. വെസ്റ്റ് ഇൻഡീസിന് വേണ്ടി 103 ടെസ്റ്റുകൾ , 295 ODI കൾ, 58 T20 കൾ എന്നിവ ക്രിസ് ഗെയിൽ കളിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് ക്രിസ് ഗെയിൽ അറിയപ്പെടുന്നത്. ലോകകപ്പിന് മുൻപ് തന്നെ വെസ്റ്റ് ഇൻഡീസിന് വേണ്ടിയുള്ള തന്റെ അവസാന ഏകദിന പരമ്പരയായിരിക്കുമിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 15 സെഞ്ചുറികൾ ഉൾപ്പടെ 7214 റൺസ് ഗെയിൽ നേടിയിട്ടുണ്ട്. 333 റൺസാണ് ടെസ്റ്റിലെ താരത്തിന്റെ ഏറ്റവും മികച്ച സ്കോർ.
ഇന്ത്യൻ പ്രീമിയർ ലീഗിലെ അവിഭാജ്യ ഘടകമാണ് ക്രിസ് ഗെയിൽ. കഴിഞ്ഞ എഡിഷനുകളിലെ തകർപ്പൻ പ്രകടനം ക്രിസ് ഗെയിലിന് മാത്രമായി ആരാധകരെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ 300 സിക്സറുകൾ അടിച്ച ഏകതാരവും ഗെയിലാണ്. ടി20 യിൽ നിന്നും വിരമിക്കാനുള്ള തീരുമാനം ഗെയിൽ തിരുത്തുമോ എന്നാണ് ഐപിഎൽ ആരാധകർ കാത്തിരിക്കുന്നത്.