ജോണി ബൈര്‍സ്റ്റോയെ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും മറ്റു താരങ്ങളുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 311 റണ്‍സ് നേടി ഇംഗ്ലണ്ട്. 350നു മുകളിലുള്ള സ്കോറിലേക്ക് അനായാസം നീങ്ങുമെന്ന് കരുതിയ ഇംഗ്ലണ്ടിനെ അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക പിടിച്ച് കെട്ടിയത്. 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ജേസണ്‍ റോയ്(54), ജോ റൂട്ട്(51), ഓയിന്‍ മോര്‍ഗന്‍(57) എന്നിവര്‍ക്കൊപ്പം ബെന്‍ സ്റ്റോക്സും തിളങ്ങിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത് എന്നാല്‍ ടീമിന്റെ വെടിക്കെട്ട് താരം ജോസ് ബട്‍ലറിനു ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. ബട്‍ലര്‍ 18 റണ്‍സാണ് നേടിയത്. നിശ്ചിത 50 ഓവറില്‍ നിന്ന് ടീം 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 311 റണ്‍സാണ് നേടിയത്.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ഇമ്രാന്‍ താഹിര്‍ ആണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത്. താരം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ മൂന്ന് വിക്കറ്റുമായി ലുംഗിസാനി ഗിഡിയും രണ്ട് വിക്കറ്റ് നേടി കാഗിസോ റബാഡയും മികച്ച തിരിച്ചുവരവ് നടത്തുവാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു.