ലോകകപ്പിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുടെ മുന്നിൽ തകർന്നടിഞ്ഞു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 400 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 170 റൺസിൽ ഓളൗട്ട് ആയി. 229 റൺസിന്റെ റെക്കോർഡ് വിജയം ദക്ഷിണാഫ്രിക്ക നേടി. ദക്ഷിണാഫ്രിക്കയുടെ മൂന്നാം വിജയമാണിത്. ഇംഗ്ലണ്ടിന് മൂന്നാം തോൽവിയും.
400 പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ബെയർസ്റ്റോ 10, മലൻ 6, റൂട്ട് 2, സ്റ്റോക്സ് 5, ബ്രൂക് 17, ബട്ലർ 15 എന്നിവരെല്ലാം ബാറ്റ് കൊണ്ട് പരാജയപ്പെട്ടു. അവസാനം മാർക് വൂഡും 43*, ആറ്റ്കിൻസൺ 35ഉം ചേർന്ന് ഒരു ശ്രമം നടത്തി എങ്കിലും 22 ഓവറിലേക്ക് ഇംഗ്ലണ്ട് 170ന് ഓളൗട്ട് ആവുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോട്സി മൂന്ന് വിക്കറ്റും യാൻസൺ, എംഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീതവും, റബാഡ, മഹാരാജ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ന് ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കക്ക് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എടുക്കാൻ ആയിരുന്നു. ക്ലാസന്റെയും റീസ ഹെൻഡ്രിക്സിന്റെയും യാൻസന്റെയും മികച്ച ഇന്നിങ്സുകൾ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്.
തുടക്കത്തിൽ ഡി കോക്കിനെ 4 റൺസിന് നഷ്ടമായി എങ്കിലും ഹെൻഡ്രിക്സും വാൻ ഡെ സനും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നല്ല തുടക്കം നൽകി. ഹെൻഡ്രിക്സ് 75 പന്തിൽ നിന്ന് 85 റൺസ് എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. വാൻ ശെ ഡുസൻ 60 റൺസും എടുത്തു. 42 റൺസ് എടുത്ത മാക്രമും മികച്ച സംഭാവന നൽകി. അവസാനം യാൻസൺ 42 പന്തിൽ 75 റൺസ് എടുത്ത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചത് സ്കോർ 399ൽ എത്തിച്ചു.
എങ്കിലും ക്ലാസന്റെ ഇന്നിംഗ്സ് ആയിരുന്നു ഏറ്റവും മികച്ചത്. വെറും 67 പന്തിൽ നിന്ന് 109 റൺസ് എടുക്കാൻ ക്ലാസനായി. 4 സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി 3 വിക്കറ്റും ആദിൽ റഷീദും അറ്റ്കിൻസണും 2 വിക്കറ്റും നേടി.