ടീമിൽ ആർക്ക് പ്രശ്നം ഉണ്ടെങ്കിലും പരിഹാരം മഹേന്ദ്ര സിങ് ധോണിയുടെ കയ്യിലുണ്ടെന്ന് ഇന്ത്യൻ സ്പിൻ ബൗളർ കുൽദീപ് യാദവ്. ധോണി ഇന്ത്യൻ ടീമിന്റെ നെടുംതൂൺ ആണെന്നും ഇന്ത്യൻ സ്പിന്നർ പറഞ്ഞു. തനിക്ക് മത്സരത്തിനിടെ എപ്പോൾ പ്രശ്നങ്ങൾ വന്നാലും താൻ ധോണിയെ സമീപിക്കുകയാണ് പതിവെന്നും കുൽദീപ് പറഞ്ഞു.
ചില സമയങ്ങളിൽ തനിക്ക് ഫീൽഡേഴ്സിനെ നിർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ താൻ ധോണിയുടെ സഹായം തേടുകയാണ് പതിവെന്നും ഇന്ത്യൻ സ്പിന്നർ പറഞ്ഞു.താൻ മാത്രമല്ല ടീമിലെ മറ്റെല്ലാ ബൗളർമാരും ഫീൽഡിങ് സെറ്റ് ചെയ്യാൻ ധോണിയുടെ സഹായം തേടാറുണ്ടെന്നും കുൽദീപ് പറഞ്ഞു. ധോണി എതിർ ബാറ്റ്സ്മാൻമാരുടെ ശരീര ഭാഷ പെട്ടെന്ന് മനസ്സിലാക്കിയെടുക്കുമെന്നും അതിന് അനുസരിച്ച് എവിടെ ബൗൾ ചെയ്യണമെന്ന് ധോണി പറയാറുണ്ടെന്നും അത് ഇപ്പോഴും തനിക്ക് അനുകൂലമാവാറുണ്ടെന്നും കുൽദീപ് പറഞ്ഞു.
ലോകകപ്പ് കിരീടം നേടാനായി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ ടീമിലെ പ്രധാന ബൗളർമാരിൽ ഒരാളാണ് കുൽദീപ് യാദവ്. ചഹാലിനൊപ്പം ഇന്ത്യയുടെ സ്പിൻ ബൗളിംഗ് നയിക്കുന്നത് കുൽദീപ് ആവും.