വീണ്ടുമൊരു വീരോചിതമായ പോരാട്ടത്തിനു ശേഷം കീഴടങ്ങി ബംഗ്ലാദേശ്. ഇന്ന് കരുത്തരായ ഓസ്ട്രേലിയ നേടിയ 381 റണ്‍സ് ചേസ് ചെയ്യവെ തങ്ങളുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏറ്റവും വലിയ സ്കോര്‍ നേടുവാന്‍ ബംഗ്ലാദേശിനായെങ്കിലും 48 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു ബംഗ്ലാദേശ്. 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. മത്സരത്തില്‍ നിന്ന് തന്റെ ഏഴാം ഏകദിന ശതകം റഹിം നേടിയെങ്കിലും ഓസ്ട്രേലിയ നല്‍കിയ കൂറ്റന്‍ ലക്ഷ്യത്തിനു 48 റണ്‍സ് അകലെ വരെ എത്തുവാനെ അത് ബംഗ്ലാദേശിനെ സഹായിച്ചുള്ളു.
മുഷ്ഫിക്കുര്‍ റഹിമിനൊപ്പം മഹമ്മദുള്ള അടിച്ച് തകര്‍ത്ത് 127 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും റണ്‍റേറ്റ് ഓരോ ഓവറുകള്‍ക്ക് ശേഷവും കുതിച്ചുയര്‍ന്നപ്പോള്‍ ബംഗ്ലാദേശ് തട്ടിത്തടഞ്ഞ് വീഴുകയായിരുന്നു. ഓപ്പണര്‍ തമീം ഇക്ബാല്‍(62), ഷാക്കിബ് അല്‍ ഹസന്‍(41) എന്നിവരുടെ ശ്രമങ്ങള്‍ക്കൊപ്പം 50 പന്തില്‍ നിന്ന് 69 റണ്‍സ് നേടി മഹമ്മദുള്ളയും 102 റണ്‍സുമായി പുറത്താകാതെ മുഷ്ഫിക്കുര്‍ റഹിമുമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതിയത്.
ഓസ്ട്രേലിയയ്ക്കായി തന്റെ സ്പെല്ലിലെ അവസാന ഓവറില്‍ മഹമ്മദുള്ളയെയും സബ്ബിര്‍ റഹ്മാനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിന്റെ വക്കോളമെത്തിയ താരമായി നഥാന്‍ കോള്‍ട്ടര്‍ നൈല്‍ മാറിയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.