വിജയ വഴിയിലേക്ക് തിരിച്ചെത്തുവാന്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും

Sayooj

കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ് ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയമേ ബംഗ്ലാദേശിനു നേടാനായുള്ളുവെങ്കിലും പരാജയപ്പെട്ട മത്സരത്തിലും മികവാര്‍ന്ന പ്രകടനമാണ് മൊര്‍തസയുടെ കീഴില്‍ ബംഗ്ലാദേശ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരം നിരാശയുള്ളതാണെങ്കിലും അതേ ടീമിനെ തന്നെയാണ് ഇന്നത്തെ മത്സരത്തിലും ഇറക്കുന്നതെന്ന് ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

അതേ സമയം ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നതെന്നും പാക്കിസ്ഥാനെതിരെ നടന്നത് ഒരു മോശം ദിവസം മാത്രമാണെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയത് പോലെ മികച്ച ക്രിക്കറ്റ് കളിയ്ക്കുവാന്‍ തങ്ങള്‍ക്ക് ഇനിയും ആകുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റ് തിരികെ എത്തുന്നു. ഗ്രൗണ്ട് ചെറുതായതിനാല്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ഈ മാറ്റമെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

വിജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയ ഇംഗ്ലണ്ടും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളും ജയമാണ് ഉറ്റുനോക്കുന്നത്. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയെങ്കിലും ന്യൂസിലാണ്ടിനോട് അവസാനം വരെ പൊരുതിയ ശേഷമാണ് മത്സരത്തില്‍ പിന്നില്‍ പോയത്. അതേ സമയം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തിയ ഇംഗ്ലണ്ടിനു പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട‍്‍ലര്‍, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, മാര്‍ക്ക് വുഡ്

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസ്ദൈക്ക് ഹൊസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മെഹ്ദി ഹസന്‍, മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍