ഇംഗ്ലണ്ടിനെ കടന്നാക്രമിച്ച് അവിഷ്ക ഫെര്‍ണാണ്ടോ, എന്നാല്‍ അര്‍ദ്ധ ശതകമില്ലാതെ മടക്കം

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലഹിരു തിരിമന്നേയ്ക്ക് പകരം ഇന്ന് തന്റെ കന്നി ലോകകപ്പ് മത്സരത്തിന് അവിഷ്ക എത്തുമ്പോള്‍ ഇതുപോലെ ഒരു പ്രകടനം ശ്രീലങ്കയുടെ കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ച് കാണില്ല. ഓപ്പണര്‍മാരായ ദിമുത് കരുണാരത്നേയും കുശല്‍ പെരേരയെയും ആദ്യ ഓവറുകളില്‍ തന്നെ നഷ്ടമായി 3/2 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയ്ക്ക് വേണ്ടി തന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കാനെത്തിയ അവിഷ്ക പിന്നീട് സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കണ്ടത്.

ജോഫ്ര ആര്‍ച്ചറെയും ക്രിസ് വോക്സിനെയും അനായാസം കളിച്ച അവിഷ്ക 39 പന്തില്‍ നിന്ന് 49 റണ്‍സ് നേടി മാര്‍ക്ക് വുഡിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. താരം പുറത്താകുമ്പോള്‍ 12.5 ഓവറില്‍ 62/3 എന്ന നിലയിലായിരുന്നു ലങ്ക. 59 റണ്‍സാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കുശല്‍ മെന്‍ഡിസുമായി ചേര്‍ന്ന് താരം നേടിയത്. തന്റെ 49 റണ്‍സില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്സുകളും ഉള്‍പ്പെടുന്നു.

2016ല്‍ ശ്രീലങ്കയ്ക്ക് വേണ്ടി താരം കളിച്ചപ്പോള്‍ സ്കൂള്‍ ക്രിക്കറ്റില്‍ നിന്ന് നേരിട്ടാണ് ലങ്കന്‍ ടീമിലേക്ക് താരം എത്തിയത്. ഫസ്റ്റ് ക്ലാസ് മത്സരമോ, ലിസ്റ്റ് എ മത്സരമോ ഇല്ലാതെ എത്തിയ താരം അന്ന് കളിച്ചത് വെറും 2 പന്തുകള്‍ മാത്രമാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആ രണ്ട് പന്തുകള്‍ക്ക് ശേഷം അവിഷ്ക ഫെര്‍ണാണ്ടോ പവലിയനിലേക്ക് മടങ്ങി.

എന്നാല്‍ പിന്നീട് ശ്രീലങ്കന്‍ യുവ നിരയ്ക്ക് വേണ്ടി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു അവിഷ്ക. 4 ശതകം ഉള്‍പ്പെടെ 1379 റണ്‍സ് ശ്രീലങ്കയ്ക്കായി യൂത്ത് ഏകദിനങ്ങളില്‍ നേടിയ താരം ആ സമയത്തെ റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു.പിന്നീട് അണ്ടര്‍ 19 ടീമില്‍ നിന്ന് ഇപ്പോള്‍ ലോകകപ്പ് ടീമിലെത്തി തനിക്ക് ലഭിച്ച അവസരം ഇരു കൈയ്യും നീട്ടിയാണ് അവിഷ്ക ഫെര്‍ണാണ്ടോ സ്വീകരിച്ചതെങ്കിലും മോശം ഷോട്ട് കളിച്ചാണ് താരം പുറത്തായത്. ചരിത്രം സൃഷ്ടിക്കാവുന്ന ഒരവസരമാണ് ഇന്ന് അവിഷ്ക കൈവിട്ടത്.