Klrahul

240 റൺസ്!!! കിരീടത്തിനായി ഈ റൺസ് മതിയാകുമോ ഇന്ത്യയ്ക്ക്

ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവയ്ക്കുന്ന തരത്തിലുള്ള ബൗളിംഗുമായി  ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍. കപ്പ് മോഹവുമായി എത്തിയ ഇന്ത്യയെ വെറും 240 റൺസിനാണ് ഓസ്ട്രേലിയ പിടിച്ചുകെട്ടിയത്. രോഹിത് ശര്‍മ്മ പുറത്തായതിന് ശേഷം ഇന്നിംഗ്സിന് വേഗം നൽകുവാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയതാണ് ടീമിന് വലിയ തിരിച്ചടിയായത്. കെഎൽ രാഹുലും വിരാട് കോഹ്‍ലിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഇന്ത്യയ്ക്ക് 240 റൺസിലേക്ക് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു.

ശുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റിൽ 30 റൺസാണ് നേടിയത്. താരം 4 റൺസ് നേടി പുറത്തായപ്പോള്‍ രോഹിത് തന്റെ പതിവ് ശൈലിയിൽ ബാറ്റ് വീശി. രോഹിത്തും വിരാടും രണ്ടാം വിക്കറ്റിൽ 46 റൺസ് കൂടി നേടിയെങ്കിലും 31 പന്തിൽ 47 റൺസ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ഗില്ലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ മാക്സ്വെല്ലിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്.

തൊട്ടടുത്ത ഓവറിൽ ശ്രേയസ്സ് അയ്യരെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ഇന്ത്യ 81/3 എന്ന നിലയിലേക്ക് വീണു. 4 റൺസ് നേടിയ അയ്യരെ പാറ്റ് കമ്മിന്‍സ് ആണ് മടക്കിയയച്ചത്. നാലാം വിക്കറ്റിൽ കോഹ്‍ലിയും കെഎൽ രാഹുലും ചേര്‍ന്ന് കരുതലോടെ ഇന്ത്യയെ മുന്നോട്ട് നീക്കുകയായിരുന്നു. 67 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ കമ്മിന്‍സ് ആണ് പിരിച്ചത്. 54 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടി കമ്മിന്‍സ് ഈ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ഇന്ത്യ 148/4 എന്ന നിലയിലായിരുന്നു.

കോഹ്‍ലി പുറത്തായ ശേഷം കെഎൽ രാഹുല്‍ ജഡേജ കൂട്ടുകെട്ട് 30 റൺസ് നേടിയെങ്കിലും ജോഷ് ഹാസൽവുഡ് ജഡേജയെ പുറത്താക്കി ഇന്ത്യയ്ക്ക് അഞ്ചാം തിരിച്ചടി നൽകി. 66 റൺസ് നേടിയ കെഎൽ രാഹുലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി.

മൊഹമ്മദ് ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ജസ്പ്രീത് ബുംറയെ ആഡം സംപ പുറത്താക്കി. അവസാന ഓവറുകളിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ സൂര്യകുമാര്‍ യാദവിലായിരുന്നുവെങ്കിലും 18 റൺസ് നേടിയ താരത്തെ പുറത്താക്കി ജോഷ് ഹാസൽവുഡ് ആ പ്രതീക്ഷയും തകര്‍ത്തു.

ഇന്നിംഗ്സിലെ അവസാന പന്തിൽ കുൽദീപ് റണ്ണൗട്ടായപ്പോള്‍ ഇന്ത്യ 240 റൺസിന് ഓള്‍ഔട്ട് ആയി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 3 വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

Exit mobile version