ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നുള്ള വലിയ ചോദ്യത്തിനു നാളുകള്‍ക്ക് മുമ്പ് വരെയുള്ള ഉത്തരം അമ്പാട്ടി റായിഡു എന്നതായിരുന്നു. പിന്നീട് 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ മറികടന്ന് ലോകകപ്പ് ടീമില്‍ ഇടം നേടിയത് വിജയ് ശങ്കറായിരുന്നു. താരം തന്നെയാവും ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തുക എന്ന് പലരും അഭിപ്രായപ്പെട്ടപ്പോളും മുന്‍ ചീഫ് സെലക്ടര്‍ ആയ സന്ദീപ് പാട്ടീല്‍ പറയുന്നത്, ആര് ആ പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതില്‍ വ്യക്തയില്ലെന്നാണ്. ആര്‍ക്ക് വേണമെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാമെന്നും അതിനുള്ള താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്നുമാണ് പാട്ടീല്‍ അഭിപ്രായപ്പെടുന്നത്.
ധോണിയോ ഹാര്‍ദ്ദിക്കോ കേധാറെ എന്തിനു കോഹ്‍ലി വരെ ആ പൊസിഷനില്‍ ബാറ്റ് ചെയ്യുവാന്‍ യോഗ്യനാണെന്നാണ് സന്ദീപ് പാട്ടീല്‍ പറയുന്നത്. താന്‍ സെലക്ടറായിരുന്നപ്പോള്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ താരത്തിനു താല്പര്യം ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനായിരുന്നു. കോഹ്‍ലി നാളെ നാലാം നമ്പറില്‍ വരില്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.
അതേ സമയം രവിശാസ്ത്രി ഏറെ കാലം മുമ്പ് ലോകകപ്പില്‍ കോഹ്‍ലി നാലാം നമ്പറില്‍ ബാറ്റ് ചെയ്തേക്കാമെന്ന് സൂചന നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ സ്വിംഗ് ബൗളിംഗിനു അനുകൂലമാണെങ്കില്‍ കോഹ്‍ലി മൂന്നിനു പകരം നാലില്‍ ബാറ്റ് ചെയ്യുമെന്നാണ് ശാസ്ത്രി അന്ന് പറഞ്ഞത്. അതേ സമയം ഇന്ത്യയുടെ സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞത് വിജയ് ശങ്കറെയാവും നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിക്കുകയെന്നതാണ്.
എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സന്ദീപ് പാട്ടീലിന്റെ വാദം. ഏത് ബാറ്റിംഗ് പൊസിഷനുകളും പ്രാധാന്യമുള്ളതാണ്, അത് ഓപ്പണിംഗായാലും പതിനൊന്നാമനായാലും. ഇന്ത്യയ്ക്ക് നാലാം നമ്പറില്‍ ഒട്ടനവധി സാധ്യതകളുണ്ടെന്നും സന്ദീപ് പാട്ടീല്‍ അഭിപ്രായപ്പെട്ടു.