Afghanistan

നെതര്‍ലാണ്ട്സിനെതിരെ ഏഴ് വിക്കറ്റ് ജയം, പാക്കിസ്ഥാനെ പോയിന്റ് പട്ടികയിൽ മറികടന്ന് അഫ്ഗാനിസ്ഥാന്‍

നെതര്‍ലാണ്ട്സിനെതിരെയുള്ള അനായാസ വിജയത്തോടെ ലോകകപ്പിലെ തങ്ങളുടെ നാലാം വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവര്‍ക്ക് പിന്നിലാണെങ്കിലും അവര്‍ക്കൊപ്പം എട്ട് പോയിന്റാണ് ടീം ഇപ്പോള്‍ നേടിയിട്ടുള്ളത്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 46.3 ഓവറിൽ 179 റൺസിന് പുറത്തായപ്പോള്‍ ലക്ഷ്യം 31.3 ഓവറിൽ 181 റൺസ് നേടിയാണ് അഫ്ഗാന്‍ മറികടന്നത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ സ്വന്തമാക്കിയത്.

56 റൺസ് നേടിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷഹീദി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 31 റൺസുമായി അസ്മത്തുള്ള ഒമര്‍സായി താരത്തിന് പിന്തുണയുമായി പുറത്താകാതെ നിന്നു. 52 റൺസ് നേടിയ റഹ്മത് ഷാ ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍.

വിജയത്തോടെ തങ്ങളുടെ സെമി സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരത്തിലെ എതിരാളികള്‍.

Exit mobile version