ലോകകപ്പ് മോഹങ്ങള്‍ തീവ്രമായുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം

- Advertisement -

ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്നത് തന്റെ ആഗ്രഹ പട്ടികയില്‍ വലിയ സ്ഥാനമുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ ടെസ്റ്റിലെ സൂപ്പര്‍ താരം നഥാന്‍ ലയണ്‍. ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീമില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കിയ ലയണിനു എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമാനമായൊരു അവസ്ഥ സൃഷ്ടിക്കാനായിട്ടില്ല. 18 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളും മാത്രം ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള താരം എന്നാല്‍ ലോകകപ്പ് ഏതൊരു താരത്തെയും പോലെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ താരമെന്ന നിലയില്‍ വലിയ ടൂര്‍ണ്ണമെന്റില്‍ കളിക്കുവാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ ലോകകപ്പില്‍ തനിക്ക് ഒരു അവസരം പോലും മുമ്പ് ലഭിച്ചിട്ടില്ല. തന്റെ ആഗ്രഹ പട്ടികയില്‍ വലിയൊരു സ്ഥാനമുള്ള മോഹമാണ് അത്. താന്‍ അത് തീവ്രമായി തന്നെ ആഗ്രഹിക്കുന്നുണ്ടെന്നും ഓസ്ട്രേലിയന്‍ സ്പിന്നര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഓസ്ട്രേലിയയ്ക്കായി മൂന്ന് ഏകദിനം കളിച്ചുവെങ്കിലും വ്യക്തമായ പ്രഭാവം ഉണ്ടാക്കുവാന്‍ താരത്തിനു സാധിച്ചിരുന്നില്ല. താന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആഘോഷിക്കുന്നുണ്ടെന്നും ഈ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും പറഞ്ഞ ലയണ്‍ ബൗണ്‍സാണ് തന്റെ ഏറ്റവും വലിയ ആയുധം എന്ന് പറഞ്ഞു. അതിനൊപ്പം തന്നെ കളിയെ വ്യക്തമായി മനസ്സിലാക്കുവാനും തനിക്ക് സാധിക്കുന്നുണ്ടെന്നും അതുപോലെ വൈവിധ്യങ്ങള്‍ ബൗളിംഗില്‍ കൊണ്ടു വരാന്‍ ആവുന്നതും തന്റെ ശക്തിയാണെന്ന് നഥാന്‍ ലയണ്‍ വ്യക്തമാക്കി.

Advertisement