ടി20 ലോകകപ്പ് നടത്തിപ്പ് ഏറെക്കുറെ അസാധ്യം – ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം അവസാനം നടക്കേണ്ട ടി20 ലോകകപ്പിന്റെ നടത്തിപ്പ് ഏറെക്കുറെ അസാധ്യമാണെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്സ്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ ഇരുന്നത്. അതിപ്പോള്‍ സാധ്യമായേക്കില്ല എന്നാണ് കെവിന്‍ റോബര്‍ട്സ് വ്യക്തമാക്കുന്നത്.

ഇന്നലെ ഐസിസി ടൂര്‍ണ്ണമെന്റിന്മേല്‍ തീരുമാനം എടുക്കുവാനുള്ള ചര്‍ച്ച നടത്തുമെന്ന് അറിയിച്ചുവെങ്കിലും അവസാന നിമിഷം അത് ഉപേക്ഷിക്കുകയായിരുന്നു. ജൂണ്‍ 10ന് മാത്രമേ ഇനി ഈ മീറ്റിംഗും ലോകകപ്പിന്മേലുള്ള തീരുമാനവും ഉണ്ടാകുകയുള്ളുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

ഓസ്ട്രേലിയയില്‍ സ്ഥിതി മെച്ചപ്പെടുകയാണെങ്കിലും അന്താരാഷ്ട്ര അതിര്‍ത്തി അടച്ചിരിക്കുകയാണ്. 16 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും എന്നതിനാല്‍ തന്നെ ഈ ഒരു സാഹചര്യത്തില്‍ ലോകകപ്പ് നടത്തുക വളരെ അപകടകരമായ സ്ഥിതിയാണെന്നാണ് കെവിന്‍ റോബര്‍ട്സ് വ്യക്തമാക്കിയത്.