നാണംകെട്ട് വെസ്റ്റിന്‍ഡീസ്, സ്കോട‍്ലാന്‍ഡിന് 42 റൺസ് വിജയം

വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി ടി20 ലോകകപ്പിന് ഉജ്ജ്വല തുടക്കം കുറിച്ച് സ്കോട്‍ലാന്‍ഡ്. ഇന്ന് ഗ്രൂപ്പ് ബി മത്സരത്തിൽ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 160/5 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 118 റൺസ് മാത്രമേ നേടാനായുള്ളു. 42 റൺസ് വിജയം ആണ് സ്കോട്‍ലാന്‍ഡ് നേടിയത്.

66 റൺസുമായി പുറത്താകാതെ നിന്ന ജോര്‍ജ്ജ് മുന്‍സി ആണ് സ്കോട്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍. മക്ലോഡ്(23), മൈക്കൽ ജോൺസ്(20), ക്രിസ് ഗ്രീവ്സ്(16*) എന്നിവരും റൺസ് കണ്ടെത്തി. വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫും ജേസൺ ഹോള്‍ഡറും 2 വീതം വിക്കറ്റ് നേടി.

കൈൽ മയേഴ്സ് തുടക്കത്തിൽ വേഗത്തിൽ സ്കോര്‍ ചെയ്തുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായി. താരം 13 പന്തിൽ 20 റൺസ് നേടിയപ്പോള്‍ 38 റൺസുമായി പൊരുതി നിന്ന ജേസൺ ഹോള്‍ഡര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മാര്‍ക്ക് വാട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്രാഡ് വീൽ, മൈക്കൽ ലീസ്ക് എന്നിവരും രണ്ട് വീതം വിക്കറ്റ് സ്കോട്‍ലാന്‍ഡിനായി നേടി. 18.3 ഓവറിലാണ് വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട് ആയത്.