സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റില്‍ പൊലിഞ്ഞ് വിന്‍ഡീസിന്റെ പോരാട്ട വീര്യം

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 288 റണ്‍സെന്ന് ഭേദപ്പെട്ട സ്കോറിലേക്ക് നഥാന്‍ കോള്‍ട്ടര്‍-നൈലും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയയെ എത്തിച്ചുവെങ്കിലും ഷായി ഹോപിന്റെയും ജേസണ്‍ ഹോള്‍ഡറുടെയും മികവില്‍ വിജയം പിടിച്ചെടുക്കാമെന്ന വിന്‍ഡീസ് മോഹങ്ങള്‍ക്ക് വിലങ്ങ് തടി സൃഷ്ടിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രിസ് ഗെയിലിനെ തുടക്കത്തിലും നിര്‍ണ്ണായക ഘട്ടത്തില്‍ ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസ്ട്രേലിയയുടെ വിജയ ശില്പി.  ഷെല്‍ഡണ്‍ കോട്രെല്‍ ആണ് സ്റ്റാര്‍ക്കിന്റെ അഞ്ചാം  വിക്കറ്റ്.

എവിന്‍ ലൂയിസിനെ രണ്ടാം ഓവറിലും അധികം വൈകാതെ ക്രിസ് ഗെയിലിനെയും നഷ്ടമായ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത് മൂന്നാം വിക്കറ്റില്‍ നിക്കോളസ് പൂരനും ഷായി ഹോപുമായിരുന്നു. പൂരന്‍ അടിച്ച് കളിച്ചപ്പോള്‍ ഹോപ് നങ്കൂരമിടുന്ന കാഴ്ചയാണ് കണ്ടത്.

68 റണ്‍സ് കൂട്ടുകെട്ടില്‍ 36 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയത് നിക്കോളസ് പൂരനായിരുന്നു. എന്നാല്‍ താരത്തെ ആഡം സംപ പുറത്താക്കിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഷായി ഹോപുമായി ചേര്‍ന്ന് 50 റണ്‍സ് നേടിയെങ്കിലും ഹെറ്റ്മ്യര്‍ റണ്ണൗട്ടായി പുറത്തായി. പിന്നീട് ജേസണ്‍ ഹോള്‍ഡറുമായി ഹോപ് 41 റണ്‍സ് കൂടി അഞ്ചാം വിക്കറ്റില്‍ നേടിയെങ്കിലും 68 റണ്‍സ് നേടിയ ഹോപിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.

ഇതിനിടെ ആന്‍ഡ്രേ റസ്സലും(15) കാര്‍ലോസ് ബ്രാത്‍വൈറ്റും(16) ചെറിയ ഇന്നിംഗ്സുകള്‍ കളിച്ച് പുറത്തായപ്പോള്‍ അര്‍ദ്ധ ശതകം തികച്ചയുടനെ മിച്ചല്‍ സ്റ്റാര്‍ക്ക് ജേസണ്‍ ഹോള്‍ഡറെയും പുറത്താക്കി. തന്റെ അവസാന ഓവറില്‍ ഷെല്‍ഡണ്‍ കോട്രെല്ലിനെയും പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരം ഓസ്ട്രേലിയയ്ക്ക് സ്വന്തമാക്കി കൊടുക്കുകയായിരുന്നു.

അവസാന ഓവറില്‍ ആഷ്‍ലി നഴ്സ് അവസാന നാല് പന്തില്‍ നിന്ന് കോള്‍ട്ടര്‍ നൈലിനെതിരെ 4 ഫോറുകള്‍ നേടി ഓവറില്‍ നിന്ന് 16 റണ്‍സ്  നേടിയെങ്കിലും വിന്‍ഡീസിനു ലക്ഷ്യത്തിനു 15 റണ്‍സ് അകലെ വരെ എത്തുവാനെ കഴിഞ്ഞുള്ളു. 50 ഓവറില്‍ നിന്ന് വിന്‍ഡീസ് 273/9 എന്ന സ്കോറാണ് നേടിയത്.