ഈ പ്രകടനം വൈകി വന്നതില്‍ മാത്രം വിഷമം

Sayooj

ശ്രീലങ്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ ഒരു പരിധി വരെ ദക്ഷിണാഫ്രിക്ക തകര്‍ത്ത് കഴിഞ്ഞുവെന്നതാണ് സത്യം. ഇനി പല മത്സരങ്ങള്‍ അനുകൂലമാകുകയും ശേഷിക്കുന്ന മത്സരങ്ങള്‍ ടീമിനു വിജയിച്ചാലും മാത്രമേ സെമിയെന്ന സ്വപ്നം അവശേഷിക്കുകയുള്ള ലങ്കയ്ക്ക്. ലങ്കയുടെ സ്വപ്നങ്ങള്‍ തകര്‍ത്തതില്‍ പ്രധാനി ഡ്വെയിന്‍ പ്രിട്ടോറിയസ് ആയിരുന്നു. മത്സരത്തില്‍ 10 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 25 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഡ്വെയിന്‍ 3 വിക്കറ്റ് നേടിയത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരം ഇന്നലത്തെ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കിയിരുന്നു.

തങ്ങളുടെ മികച്ച പ്രകടനം ഈ വൈകിയ വേളയില്‍ മാത്രമാണ് വന്നതെന്നുള്ളത് വളരെ സങ്കടകരമായ കാര്യമെന്നാണ് ഡ്വെയിന്‍ പറഞ്ഞത്. ഇന്ന് വിജയം കരസ്ഥമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താന്‍ അതിന്റെ ഭാഗമായി എന്നത് ഇരട്ടി മധുരമാണെന്നും ഡ്വെയിന്‍ പറഞ്ഞു. തനിക്ക് എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കില്ലെന്നും ലഭിയ്ക്കുന്ന അവസരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്നും ഡ്വെയിന്‍ വ്യക്തമാക്കി.