മെഹ്ദി ഹസനെതിരെ തുടര്‍ച്ചയായ നാലാം സിക്സിനു ശ്രമിച്ച് പുറത്തായി ജേസണ്‍ റോയ്, ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന രണ്ടാമത്തെ താരം

35ാം ഓവറില്‍ തുടര്‍ച്ചയായ നാലാം സിക്സിനു ശ്രമിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ പുറത്താകുമ്പോള്‍ 121 പന്തില്‍ നിന്ന് 153 റണ്‍സാണ് താരം നേടിയത്. 14 ബൗണ്ടറികളും 5 സിക്സും ഇന്നിംഗ്സില്‍ നേടിയ താരം അതില്‍ മൂന്ന് സിക്സുകള്‍ മെഹ്ദി ഹസന്‍ എറിഞ്ഞ ഈ ഓവറില്‍ നിന്നാണ് നേടിയത്. ആദ്യ മൂന്ന് പന്തുകള്‍ സിക്സര്‍ നേടിയ താരം നാലാം പന്തും അതിര്‍ത്തി കടത്തുവാന്‍ ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പിടിച്ച് പുറത്താകുകയായിരുന്നു.

ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന രണ്ടാമത്തെ താരമായി ഇതോടെ ജേസണ്‍ റോയ് മാറി. 5 റണ്‍സിനാണ് ഒന്നാം സ്ഥാനം റോയയ്ക്ക് നഷ്ടമായത്. 2011 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ 158 റണ്‍സ് നേടിയ ആന്‍ഡ്രൂ സ്ട്രോസിന്റെ പേരിലാണ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.