ലോകകപ്പിൽ ഇന്ത്യ ജയിക്കണമെന്ന് മുൻ പാകിസ്ഥാൻ താരം

Photo:Twitter/@BCCI

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ കിരീടം നേടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ലോകകപ്പ് കിരീടം ഏഷ്യയിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് കൊണ്ട് തന്നെ ഇന്ത്യ കിരീടം നേടണമെന്നും അക്തർ പറഞ്ഞു. ഏഷ്യയിൽ നിന്ന് ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടിയ ഏക ടീം ഇന്ത്യയാണ്.

ന്യൂസിലാൻഡിന് ഇന്ത്യ നൽകുന്ന സമ്മർദ്ദം അതിജീവിക്കാനാവില്ലെന്നും ഇത്തവണ അവർ ഇന്ത്യയെ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നതെന്നും അക്തർ പറഞ്ഞു. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻമാരയായ രോഹിത് ശർമ്മയുടെയും കെ.എൽ രാഹുലിന്റെയും പ്രകടനത്തെയും അക്തർ പ്രകീർത്തിച്ചു. ന്യൂസിലാൻഡിനേക്കാൾ മികച്ച പ്രകടനം പാകിസ്താനാണ് ഈ ലോകകപ്പിൽ പുറത്തെടുത്തതെന്നും മുൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. 11 പോയിന്റുമായി പാകിസ്ഥാൻ ന്യൂസിലാൻഡിനൊപ്പം പോയിന്റ് പട്ടികയിൽ ഇടം നേടിയെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തുപോവുകയായിരുന്നു.

ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലാൻഡുമാണ് ലോകകപ്പ് സെമിയിൽ എത്തിയ മറ്റു ടീമുകൾ. അടുത്ത ചൊവ്വാഴ്ചയാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഒന്നാം സെമി ഫൈനൽ മത്സരം.

Previous articleവിരാട് കോഹ്‍ലിയുടെ ഒന്നാം റാങ്കിന് തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മ
Next articleഷോണ്‍ മാര്‍ഷിന് പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്ത്, പകരം മാത്യൂ വെയിഡ്