ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ ചരിത്രം

Photo: SportsStar

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ ചരിത്രമെടുത്താൽ ഒരു തവണ പോലും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാനായിട്ടില്ല. ഇന്ത്യയുമായി 6 തവണ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ആറു തവണയും ജയിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ഇന്ന് മാഞ്ചസ്റ്ററിൽ നടക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഴാമത്തെ ലോകകപ്പ് പോരാട്ടമാണ്.

ഇന്ത്യയും പാക്കിസ്ഥാനും ആദ്യമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 1992 ലോകകപ്പിലാണ്. അന്ന് സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 43 റൺസിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 216 റൺസിന്‌ മറുപടിയായി 173 റൺസ് പാകിസ്ഥാനായുള്ളു.  ഇന്ത്യൻ നിരയിൽ 54 റൺസ് എടുത്ത സച്ചിനും 46 റൺസ് എടുത്ത ജഡേജയുമാണ് തിളങ്ങിയത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ പ്രഭാകറും കപിൽ ദേവും ബൗളിങ്ങിൽ തിളങ്ങി. പാകിസ്ഥാൻ ബാറ്റ്സ്മാൻ ജാവേദ് മിയാൻദാദും തമ്മിൽ നടന്ന തർക്കവും ഈ മത്സരത്തെ വ്യസ്ഥമാക്കി.

തുടർന്ന് 1996ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിട്ടത്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ 39 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റൺസ് എടുക്കുകയും തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ 248 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.  ഇന്ത്യൻ നിരയിൽ 93 റൺസ് എടുത്ത നവജ്യോത് സിങ് സിധുവിന്റെ പ്രകടനവും വെടിക്കെട്ട് പ്രകടനം നടത്തി 45 റൺസ് എടുത്ത അജയ് ജഡേജയുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഇന്ത്യക്ക് വേണ്ടി വെങ്കടേഷ് പ്രസാദും കുംബ്ലെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തിലാണ് ആമിർ സുഹൈലും വെങ്കടേഷ് പ്രസാദും തമ്മിൽ ഗ്രൗണ്ടിൽ വാക്കു തർക്കം നടന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോകകപ്പിലെ മൂന്നാമത്തെ പോരാട്ടം നടന്നത് ഇന്ന് മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഗ്രൗണ്ടിൽ ആയിരുന്നു. 1999ലെ ലോകകപ്പിൽ ഇന്ത്യ 47 റൺസിനാണ് പാകിസ്ഥാനെ തോൽപ്പിച്ചത്.  ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ താരതമ്യേന കുറവായ 227 റൺസ് മാത്രമാണ് എടുത്തത്. എന്നാൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെങ്കടേഷ് പ്രസാദിന്റെ ബൗളിന്റെ പിൻബലത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 180 റൺസിൽ ഓൾ ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ 61 റൺസ് എടുത്ത രാഹുൽ ദ്രാവിഡും 59 റൺസ് എടുത്ത അസ്ഹറുദീനുമാണ് തിളങ്ങിയത്. ബൗളർമാരിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെങ്കടേഷ് പ്രസാദിനെ പുറമെ ശ്രീനാഥ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

2003ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യ പാകിസ്ഥാനെ നാലാമതായി തോൽപ്പിച്ചത്.  അന്ന് 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 273 റൺസ് എടുത്തപ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സച്ചിൻ 98 റൺസ് എടുത്തപ്പോൾ 50 റൺസ് എടുത്ത യുവരാജ് സിങ്ങും 44 റൺസ് എടുത്ത ദ്രാവിഡും സച്ചിന് മികച്ച പിന്തുണ നൽകി.

2011ൽ ഇന്ത്യ  കിരീടം നേടിയ ലോകകപ്പിലും ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. 29 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിൻ ടെണ്ടുൽക്കറുടെ 85 റൺസ് പ്രകടനത്തിന്റെ പിൻബലത്തിൽ 260 റൺസ് എടുക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ 231 റൺസിന്‌ എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. ബൗളർമാരിൽ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ നെഹ്‌റയും ഹർഭജൻ സിംഗുമാണ് തിളങ്ങിയത്.

2015ൽ നടന്ന അവസാന ലോകകപ്പിലും ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ 76 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 300 റൺസ് എടുക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ 224 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. കോഹ്‌ലി 107 റൺസ് എടുത്തപ്പോൾ ബൗളർമാരിൽ 4 വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയാണ് തിളങ്ങിയത്.

അതെ സമയം  ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഇംഗ്ലണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ജയം പാകിസ്ഥാനെ കൂടെയായിരുന്നു. 2017ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോയാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്.