സ്റ്റേഡിയത്തില്‍ കൈയ്യാങ്കളി, അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ ആരാധകര്‍ ഏറ്റുമുട്ടി

Sayooj

നിര്‍ണ്ണായകമായ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരം പുരോഗമിക്കവെ സ്റ്റേഡിയത്തിലും പുറത്തും ഏറ്റുമുട്ടി പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ആരാധകര്‍. മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഇരു വശത്തെയും ആരാധകര്‍ തമ്മില്‍ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. സ്റ്റേഡിയത്തിന് പുറത്തെന്നത് പോലെ സ്റ്റേഡിയത്തിന് അകത്തും ആരാധകര്‍ ഏറ്റുമുട്ടിയപ്പോള്‍ ചില കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി.

ഐസിസി മത്സരങ്ങളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ കേട്ട് കേള്‍വിയില്ലാത്തതാണെങ്കിലും മത്സരത്തിന് മുമ്പ് തന്നെ ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് ഏറ്റുമുട്ടി. പിന്നീട് മത്സരം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചിലരെ പുറത്താക്കുന്ന സാഹചര്യം ഉടലെടുക്കുകയായിരുന്നു.

സംഘര്‍ഷം ചിത്രീകരിക്കുവാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തര്‍ക്കും മര്‍ദ്ദനം ഏല്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയ്ക്കെതിരെയെന്ന പോലെ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെതിരെയും നല്ല ബന്ധങ്ങളല്ല. സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫ്രീ ബലോചിസ്ഥാന്‍ നീക്കവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് അറിയുന്നത്.