ഇന്ത്യയ്ക്ക് മൂന്നാം ജയം, അമേലിയ കെറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയത് 4 റണ്‍സിന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ഷഫാലി വര്‍മ്മയുടെ ബാറ്റിംഗ് മികവില്‍ 133/8 എന്ന സ്കോര്‍ നേടിയ ഇന്ത്യയെ ന്യൂസിലാണ്ട് അവസാന പന്ത് വരെ സമ്മര്‍ദ്ദത്തിലാക്കിയാണ് കീഴടങ്ങിയത്.

ഒരു ഘട്ടത്തില്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിന് കടിഞ്ഞാണിടുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെങ്കിലും അമേലിയ കെര്‍-ഹെയ്‍ലി ജെന്‍സെന്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ക്യാമ്പില്‍ ഭീതി പടര്‍ത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

അവസാന രണ്ടോവറില്‍ 34 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാണ്ടിനായി അമേലിയ കെര്‍ ആണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പൂനം യാദവ് എറിഞ്ഞ ഓവറില്‍ നാല് ബൗണ്ടറി അടക്കം 18 റണ്‍സ് നേടിയ കെര്‍ അവസാന ഓവറിലെ ലക്ഷ്യം 16 ആക്കി മാറ്റി.

ശിഖ പാണ്ടേയെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ച് ഹെയ്‍ലി ജെന്‍സന്‍ മത്സരം കൂടുതല്‍ ആവേശകരമായി. അടുത്ത പന്തില്‍ സിംഗിള്‍ നേടിയതോടെ ലക്ഷ്യം 4 പന്തില്‍ 11 റണ്‍സായി മാറി. ഹെയ്‍ലിയുടെ റിട്ടേണ്‍ ക്യാച്ച് ആ പന്തില്‍ ശിഖ പാണ്ടേ കൈവിടുകയായിരുന്നു. മത്സരത്തില്‍ അവസാന രണ്ട് പന്തില്‍ 9 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിനായി അമേലിയ ഒരു ബൗണ്ടറി കൂടി നേടി ലക്ഷ്യം അവസാന പന്തില്‍ അഞ്ചാക്കിയെങ്കിലും അവസാന പന്തില്‍ ഹെയ്‍ലി റണ്ണൗട്ടായപ്പോള്‍ ഇന്ത്യ വിജയം 4 റണ്‍സിന് സ്വന്തമാക്കി.

ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തിലാണ് 129 റണ്‍സ് നേടിയത്. അമേലിയ 19 പന്തില്‍ പുറത്താകാതെ 34 റണ്‍സും ഹെയ്‍ലി ജെന്‍സെന്‍ 11 റണ്‍സും നേടിയപ്പോള്‍ ആറാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് ന്യൂസിലാണ്ടിനായി 39 റണ്‍സാണ് നേടിയത്. 25 റണ്‍സുമായി കാറ്റി മാര്‍ട്ടിനും 24 റണ്‍സ് നേടിയ മാഡി ഗ്രീനുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.